Flash News

കാലവര്‍ഷക്കെടുതി: ധനസഹായം അടിയന്തരമായി വിതരണം ചെയ്യാന്‍ നിര്‍ദേശം

കാലവര്‍ഷക്കെടുതി: ധനസഹായം അടിയന്തരമായി വിതരണം ചെയ്യാന്‍ നിര്‍ദേശം
X
കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.



മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം, വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ ഭേദപ്പെട്ട നഷ്ടപരിഹാരം നല്‍കും. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യാമ്പുകളില്‍ താമസിക്കുന്നവരില്‍ ആരെങ്കിലും രോഗബാധിതരുണ്ടെങ്കില്‍ അവരെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും വേണമെന്ന് കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു. ക്യാമ്പുകള്‍ വൃത്തിയായി സൂക്ഷിക്കുകയും രോഗബാധകള്‍ക്ക് സാധ്യത ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ആവശ്യമുള്ള ഇടങ്ങളില്‍ പ്രാദേശിക ഡോക്ടര്‍മാര്‍ക്കു പുറമേ സഹായ സന്നദ്ധതയുള്ള ഡോക്ടര്‍മാരുടെ സേവനം തേടാനും കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. ആദിവാസികള്‍ക്ക് നല്‍കി വരുന്ന സൗജന്യ റേഷന്‍ വീടുകളിലെത്തിക്കണം. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് നല്ല ഭക്ഷണം നല്‍കുന്ന കാര്യത്തിലും ശ്രദ്ധ വേണം.
വൈദ്യുതി ലഭ്യതയുടെ കാര്യത്തില്‍ കെഎസ്ഇബി നല്ല തോതിലുള്ള ഇടപെടല്‍ നടത്തണം. ജനറേറ്റര്‍ ആവശ്യമുള്ളിടത്ത് അത് ലഭ്യമാക്കണം. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്. വെള്ളപ്പൊക്കം മൂലം കിണര്‍ മലിനമായ സ്ഥലങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണം. പൊതുജനങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം പൂര്‍ണ്ണമായും ശുദ്ധമാണെന്ന് ഉറപ്പു വരുത്താന്‍ പൊതുജനാരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം. ഒരു തരത്തിലും രോഗബാധകള്‍ പടരാതിരിക്കാനും പൊതുജനാരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം.
റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. വയനാട് താമരശ്ശേരി ചുരം റോഡ് ഗതാഗതയോഗ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. വേഗത്തില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. കുറ്റിയാടി വഴിയുള്ള റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നിര്‍വഹിക്കാന്‍ വയനാട്, കോഴിക്കോട് ജില്ലാ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു. മുമ്പ് ദുരന്തങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നഷ്ടപരിഹാരത്തുക കൊടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അത് ഉടന്‍ വിതരണം ചെയ്യണം. നഷ്ടപരിഹാര വിതരണത്തില്‍ കാലതാമസം വരാതെ അപ്പപ്പോള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് കളക്ടര്‍മാരെ അറിയിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it