Flash News

കാലവര്‍ഷക്കെടുതിഇതുവരെ മരിച്ചത് 42 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 42 പേര്‍ക്ക്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും 19 പേരെ കാണാനില്ലെന്നും റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. 249 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്ര വലിയ നഷ്ടമുണ്ടായത്. 428 വില്ലേജുകളെ ദുരന്തം ബാധിച്ചു. ദുരിതത്തിലായത് 4,159 പേര്‍. കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടവരടക്കം 19 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.  249 പേര്‍ക്ക് കിടപ്പാടം നഷ്ടമായി. 5098 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 32 മൃഗങ്ങള്‍ ചത്തു. 3193 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 79 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. ആകെ 194 ക്യാംപുകളിലായി 28,778 പേര്‍ കഴിയുന്നുണ്ട്. താമരശ്ശേരി കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മൂന്നു കുടുംബങ്ങളിലെ 14 പേര്‍ ഉള്‍പ്പെട്ടതും കാലവര്‍ഷക്കെടുതികളുടെ തീവ്രത വര്‍ധിപ്പിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ 24 മണിക്കൂര്‍ കൂടി മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. അതേസമയം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശക്തമായതോ (7 മുതല്‍ 11 സെ.മി.24 മണിക്കൂറില്‍) അതിശക്തമായതോ (12 മുതല്‍ 20 സെ.മി. 24 മണിക്കൂറില്‍ ) ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ (7 മുതല്‍ 11  സെ.മി. 24 മണിക്കൂറില്‍) മഴയ്ക്കും സാധ്യതയുണ്ട്. കേരള,  കര്‍ണ്ണാടക, ലക്ഷദ്വീപ്  തീരങ്ങളില്‍ പടിഞ്ഞാറ്  ദിശയില്‍ നിന്ന്   മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍  വേഗതയില്‍ കാറ്റിന്   സാധ്യതയുണ്ട്. ഇതിനാല്‍ കടല്‍ പ്രക്ഷുബ്ദമാവാന്‍  സാധ്യതയുണ്ട്. കര്‍ണാടക തീരത്തും  ലക്ഷദ്വീപ് തീരത്തും മൂന്നു മുതല്‍ 3 .2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിലും  ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യകിഴക്കന്‍, മധ്യപടിഞ്ഞാറന്‍ , തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ കടല്‍  പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാന്‍ സാധ്യതയുണ്ട് . ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കേരള,  കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിലും  ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറുവശവും  മമല്‍സ്യ—ബന്ധത്തിന്  പോവരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
Next Story

RELATED STORIES

Share it