kozhikode local

കാലവര്‍ഷം കനത്തു; കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടംമറിയുന്നു

പേരാമ്പ്ര: കാലവര്‍ഷം കനത്തതോടെ തോടും പറമ്പുമെല്ലാം നിറഞ്ഞു കവിഞ്ഞു. പതിമൂന്നോളം കര്‍ഷകരുടെ 6000ത്തിലധികം കുലച്ച നേന്ത്രവാഴകള്‍ നശിക്കുന്നു.
പേരാമ്പ്ര കല്ലോട് കൈപ്രം കാക്കക്കുനിക്ക് സമീപം ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ 13ാം വാര്‍ഡില്‍പെട്ട കൈപ്രം വയലിനോട് ചേര്‍ന്ന കുനിയിലാണ് ഇത്രയും വാഴകള്‍ നശിക്കുന്നത്. പ്രദേശത്തുകാരായ യുവാക്കളും മുതിര്‍ന്ന കര്‍ഷകരും പലരില്‍ നിന്നും ഭൂമി പാട്ടത്തിനെടുത്താണ് ഇവിടെ കൃഷി ചെയ്യുന്നത്. കര്‍ഷകരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ഇവിടെ വെള്ളം കയറി നശിക്കുന്നത്. കൈപ്രം സ്വദേശികളായ മലനടുവില്‍ നിജീഷ്, രാജേഷ് എന്നിവരുടെ 1500 വാഴകള്‍, അങ്ങാടികൈയ്യില്‍ ദാമോദരന്റെ 500, ചോയിലോട്ട് നാരായണന്റെ 1000, പോന്തേരി കരുണാകരന്റെ 500, കക്കാനക്കണ്ടി ശ്രീജിത്തിന്റെ 600, പാറക്കെട്ടില്‍ മൊയ്തുഹാജിയുടെ 200, കിഴക്കെ കരിമ്പാച്ചാലില്‍ രാമചന്ദ്രന്റെ 300, തിയ്യര്‍കുന്നത്ത് സമദിന്റെ 1200, പെരുവാണിക്കല്‍ ദാമോദരന്റെ 250, ചാലിയാറത്ത് ബാബു ഈശ്വരന്‍ കൊയിലോത്ത് കണ്ണന്‍ എന്നിവരുടെ 600 വാഴകളുമാണ് വെള്ളം കയറി നശിച്ചു കൊണ്ടിരിക്കുന്നത്.
കുലച്ച് മൂപ്പെത്താത്ത കുലകളുള്ള വാഴത്തോട്ടത്തില്‍ നിറയെ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഴകള്‍ പഴുത്ത് തുടങ്ങിയിട്ടുണ്ട്. രണ്ടു ദിവസം കൂടി വെള്ളം ഈ നിലയ്ക്ക് നില്‍ക്കുകയാണെങ്കില്‍ തോട്ടം പൂര്‍ണമായും നശിച്ചു പോവും. ഒരുവാഴയ്ക്ക് 250ഓളം രൂപ ചെലവായ കര്‍ഷകരുടെ അധ്വാനത്തിന്റെ കൂലി വേറെയും വരും. നേന്ത്രക്കുലയ്ക്ക് വിപണിയില്‍ മാന്യമായ വില ലഭിക്കുന്ന അവസരമായതിനാല്‍ ഒരു കുലയ്ക്ക് 500 മുതല്‍ 600 രൂപ വരെ വിലലഭിക്കാവുന്നതാണ്. ഇത്തരം കുലകളാണ് നശിക്കുന്നത്. കര്‍ഷകര്‍ ലോണും മറ്റുവിധത്തിലുള്ള സാമ്പത്തിക സമാഹരണവും നടത്തി ആരംഭിച്ച കൃഷിയാണ് ഇപ്പോള്‍ വെള്ളത്തിലായിരിക്കുന്നത്.
തൊട്ടുടുത്തുകൂടി ഒഴുകുന്ന കുറ്റിയാടി പുഴയിലേക്ക് വെള്ളം ഒഴിഞ്ഞുപോവാത്തതാണ് ഇവിടത്തെ വെള്ളക്കെട്ടിന് കാരണം. ഇതിന് സമീപത്തുകൂടെ ഒഴുകുന്ന മരക്കാടിതോടിന്റെ കൈവഴികളായ അറക്കല്‍ തോട്, അങ്ങാടിക്കടവ്- പുത്തന്‍തോട്, പുത്തന്‍കാപ്പ്-കൈപ്രംകടവ് തോട് എന്നീതോടുകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപെട്ടതാണ് ഇവിടെ വെള്ളമുയരാന്‍ കാരണം. തോടുകളില്‍ വളര്‍ന്ന വന്ന കൈതമരങ്ങളാണ് ഒഴുക്കിന് തടസ്സമാവുന്നത്. ഇത് നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരു ഫലവുമുണ്ടായില്ല.
Next Story

RELATED STORIES

Share it