കാലത്തീറ്റ കേസ്: വിധി സഖ്യത്തെ ബാധിക്കില്ല- കോണ്‍ഗ്രസ്

പട്‌ന: കാലിത്തീറ്റ അഴിമതിക്കേസില്‍ ലാലുപ്രസാദ് യാദവിനെതിരായ ശിക്ഷാവിധി ആര്‍ജെഡിയുമായുള്ള സഖ്യത്തെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരായ വിധി രാജ്യത്ത് മതേതരത്വത്തിനും സാമൂഹിക നീതിക്കുമായി പൊരുതുന്ന ശക്തികളെ ബാധിക്കില്ലെന്ന് ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് കൗകാബ് ഖാദിരി പറഞ്ഞു. നിയമനടപടികളെ ബഹുമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, താന്‍ ബിജെപി രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞു. ബിജെപിക്കു മുന്നില്‍ കീഴടങ്ങുന്നതിലും നല്ലത് മരണമാണ്. സാമൂഹികനീതിക്കും തുല്യതയ്ക്കുംവേണ്ടി ബലിയാടാവേണ്ടിവന്നതില്‍ സന്തോഷമുണ്ടെന്നും ലാലു പറഞ്ഞു.  ട്വിറ്ററിലൂടെയായിരുന്നു ലാലുവിന്റെ പ്രതികരണം. കാലിത്തീറ്റ വിധിയുടെ പശ്ചാത്തലത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ ലക്ഷ്യംവച്ച് ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ ട്വീറ്റും പുറത്തുവന്നു. വളരെ നന്ദി നിതീഷ്‌കുമാര്‍ എന്നായിരുന്നു പരിഹാസ രൂപത്തിലുള്ള ട്വീറ്റ്്. ലാലുവിനെതിരേ മോദിസര്‍ക്കാരും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും ഗൂഢാലോചന നടത്തിയതാണെന്ന് തേജസ്വി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ലാലുപ്രസാദ് യാദവിനോട്്് ബിജെപി അനീതി കാണിച്ചതായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പറഞ്ഞു. ബിജെപി സഖ്യത്തില്‍ പങ്കാളിയാവാന്‍ വിസമ്മതിച്ചതിന്റെ പരിണിതി ഫലങ്ങളാണ് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് എസ്പി ദേശീയ ജനറല്‍ സെക്രട്ടറി രാംശങ്കര്‍ വിദ്യാര്‍ഥി പറഞ്ഞു.
Next Story

RELATED STORIES

Share it