World

കാറ്റലോണിയ: സ്വാതന്ത്ര്യ അനുകൂല നേതാവ് ക്വിം ടോറ പ്രസിഡന്റ്

ബാഴ്‌സലോണ: കാറ്റലോണിയയില്‍ സ്വാതന്ത്ര്യ അനുകൂല നേതാവായ ക്വിം ടോറയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കാറ്റലോണിയ പ്രാദേശിക പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 65നെതിരേ 66 അംഗങ്ങള്‍ ടോറയെ അനുകൂലിച്ചു. നാലുപേര്‍ വോട്ടെടുപ്പിന് എത്തിയില്ല.
ഭാവിയിലെ സ്വതന്ത്ര കാറ്റലോണിയ രാഷ്ട്രത്തിനായുള്ള ഭരണഘടനയുടെ കരട് തയ്യാറാക്കുമെന്നും പ്രവിശ്യയിലെ പ്രാദേശിക നിയമങ്ങള്‍ പുനസ്ഥാപിക്കുമെന്നും പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് വാഗ്ദാനം നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കാറ്റലോണിയ സ്വാതന്ത്ര്യ ഹിതപരിശോധനയുടെ പശ്ചാത്തലത്തിലായിരുന്നു സ്പാനിഷ് സര്‍ക്കാര്‍ പ്രവിശ്യയിലെ പ്രാദേശിക നിയമങ്ങള്‍ റദ്ദാക്കിയത്. ഹിതപരിശോധനയെ തുടര്‍ന്ന് ഒക്ടോബര്‍ 27നു കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നെങ്കിലും സ്പാനിഷ് സര്‍ക്കാര്‍ അത് അടിച്ചമര്‍ത്തുകയായിരുന്നു.
നിലവില്‍ 135 അംഗ പ്രാദേശിക പാര്‍ലമെന്റിലെ 70 അംഗങ്ങള്‍ കാറ്റലോണിയ സ്വതന്ത്രമാവുന്നതിനെ അനുകൂലിക്കുന്നു. 65 പേരാണ് എതിര്‍ക്കുന്നത്. കാറ്റലോണിയ മുന്‍ പ്രസിഡന്റായ കാള്‍സ് പ്യൂജിമോണ്ടാണ് തന്റെ പിന്‍ഗാമിയായി ടോറയെ പ്രഖ്യാപിച്ചത്. ബഹുമാനപ്പെട്ട പ്രസിഡന്റിന് അഭിനന്ദനങ്ങളെന്ന് പ്യൂജിമോണ്ട് ട്വീറ്റ് ചെയ്തു.
കാറ്റലോണിയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പ്യൂജിമോണ്ടിനെതിരേ സ്‌പെയിനില്‍ രാജ്യദ്രോഹക്കേസ് നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ജര്‍മനിയിലാണ് അദ്ദേഹം അഭയം തേടിയിരിക്കുന്നത്. ജോര്‍ദി സാന്‍ചേസ് അടക്കമുള്ള കാറ്റലോണിയന്‍ നേതാക്കള്‍ സ്പാനിഷ് കേസില്‍ ജയിലില്‍ കഴിയുന്നുണ്ട്. ഡിസംബറില്‍ കാറ്റലോണിയ പ്രാദേശിക പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യ അനുകൂല കക്ഷികളാണു മേല്‍ക്കൈ നേടിയത്. എന്നാല്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നീക്കം അഞ്ചുതവണ മുടങ്ങിയിരുന്നു.
Next Story

RELATED STORIES

Share it