കാറില്‍ നിന്ന് 2.10 ലക്ഷം രൂപ കവര്‍ന്നു

ചാവക്കാട്: നമസ്‌കാരത്തിനായി കാര്‍ നിര്‍ത്തി പള്ളിയില്‍ പോയ തക്കത്തിനു കാറിലുണ്ടായിരുന്ന 2.10 ലക്ഷം രൂപ കവര്‍ന്നു. തൊട്ടാപ്പ് ഫെമിന സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ തളിക്കുളം സ്വദേശി കറുപ്പംവീട്ടില്‍ അബ്ദുല്‍ റസാഖിന്റെ പണമാണു കവര്‍ന്നത്.
കഴിഞ്ഞദിവസം ഒരുമനയൂര്‍ കുറുപ്പത്തെ പള്ളിയില്‍ നമസ്‌കാരത്തിനു പോയ അബ്ദുല്‍റസാഖ് കാറിന്റെ സീറ്റിനു താഴെ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. ഭാര്യാ സഹോദരന്റെ വീടുപണിക്കാവശ്യമായ ടൈല്‍ എടുക്കുന്നതിനാണു റസാഖും ഭാര്യയും പണവുമായി എത്തിയത്. ചേറ്റുവ റോഡിലെ മാര്‍ബിള്‍ സ്ഥാപനത്തില്‍ ടൈല്‍ എടുക്കുന്നതിനിടെ നമസ്‌കാര സമയമായപ്പോള്‍ ഭാര്യയെ കടയില്‍ നിര്‍ത്തിയാണു റസാഖ് പള്ളിയില്‍ എത്തിയത്. പള്ളിയില്‍ എത്തുമ്പോഴേക്കും നമസ്‌കാരം തുടങ്ങിയിരുന്നു. ഉടനെ കാര്‍ പാര്‍ക്ക് ചെയ്തു പള്ളിയില്‍ കയറി. നമസ്‌കാരം കഴിഞ്ഞുവന്നപ്പോഴാണു പണം കവര്‍ന്നതു കണ്ടത്. കവറിലുണ്ടായിരുന്ന രണ്ടുലക്ഷം രൂപയും പഴ്‌സും നഷ്ടപ്പെട്ടു. പഴ്‌സിലാണ് 10,000 രൂപയുണ്ടായിരുന്നത്. വിവിധ ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍, പാന്‍ കാര്‍ഡ് എന്നിവയും നഷ്ടപ്പെട്ടു.
ഹൈവേ പോലിസും ചാവക്കാട് പോലിസും സ്ഥലത്തെത്തി. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആലപ്പുഴ സ്വദേശിയായ ആഭരണത്തൊഴിലാളിയെയും സഹപ്രവര്‍ത്തകരെയും ചക്കംകണ്ടത്ത് കൊണ്ടുപോയി കഴുത്തില്‍ കത്തി വച്ച് 4.5 ലക്ഷം രൂപയും 1.8 ലക്ഷത്തിന്റെ ആഭരണങ്ങളും കവര്‍ന്നതിനു പിന്നാലെയാണ് സംഭവം.
Next Story

RELATED STORIES

Share it