ernakulam local

കാര്‍ തട്ടിയെടുത്ത സംഭവം; യുവതിയടക്കം മൂന്നുപേര്‍ കൂടി പിടിയില്‍

മട്ടാഞ്ചേരി: രവിപുരം സ്വദേശിയായ യുവാവിനെ കബളിപ്പിച്ച് യുവതി ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവതിയടക്കം മൂന്നുപേര്‍ കൂടി പിടിയിലായി. അഭിജിത്ത് എന്നയാളെ കബളിപ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ ചേര്‍ത്തല സ്വദേശി നിബു(30), കണ്ണൂര്‍ സ്വദേശിനി നീതു(35), പെരുമ്പടപ്പ് സ്വദേശി രാജ്‌നാഥ്(28)എന്നിവരെയാണ് മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ പ്രതികളായ അഞ്ചുപേരും പോലിസിന്റെ പിടിയിലായി. നേരത്തേ മട്ടാഞ്ചേരി സ്വദേശികളായ സലാഹുദ്ദീന്‍, ജോണ്‍ ഷാല്‍ബിന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന അഭിജിത്തിനെ സൗഹൃദം നടിച്ച് യുവതി ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം കാറില്‍ കയറി മദ്യവും മയക്ക് മരുന്നും നല്‍കി കയ്യിലുണ്ടായിരുന്ന പണവും എടിഎം കാര്‍ഡും കവരുകയും അബോധാവസ്ഥയിലായ ഇയാളെ കണ്ണമാലിയിലെ റോഡില്‍ ഉപേക്ഷിച്ച ശേഷം കാറുമായി കടന്ന് കളയുകയായിരുന്നു. പിടിയിലായ നിബു ആലപ്പുഴ ജില്ലയിലെ നിരവധി പിടിച്ച്പറി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാണ്. നിബുവും നീതുവുമാണ് സംഭവത്തിലെ മുഖ്യ സൂതധാരകര്‍. തട്ടിയെടുത്ത കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പോലിസ് വലയിലായത്. മദ്യത്തിനും മയക്ക് മരുന്നിനും അടിമകളായ പ്രതികള്‍ ആര്‍ഭാട പൂര്‍ണമായ ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് കുറ്റകൃത്യം ചെയ്യുന്നത്. കണ്ണമാലി എസ്‌ഐ സാജു, വില്യം ക്ലീറ്റസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അനില്‍കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ രതീഷ് ബാബു, മുഹമ്മദ് ലിഷാദ്, സുനില്‍കുമാര്‍, വനിത സിവില്‍ പോലിസ് ഓഫിസര്‍ റംലു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it