കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ സമ്മേളനം

കൊച്ചി: സംസ്ഥാനത്തെ ആശങ്കാജനകമായ ഹൃദ്രോഗ വ്യാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ(സിഎസ്‌ഐ) കേരള ചാപ്റ്ററിന്റെ ദ്വിദിന സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു. ജീവിതശൈലി, ഭക്ഷണക്രമം, ജോലി സാഹചര്യങ്ങള്‍, ജനിതകക്രമം തുടങ്ങി അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളെ വിലയിരുത്തി പ്രതിരോധ നടപടികള്‍ രൂപപ്പെടുത്തുന്നതാണ് സമ്മേളനം. സിഎസ്‌ഐ ദേശീയ പ്രസിഡന്റ് ഡോ. ശരത്ചന്ദ്ര ഉദ്ഘാടനം ചെയ്തു.
ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും കൊളസ്‌ട്രോളും അമിതവണ്ണവും മാനസിക പിരിമുറുക്കവുമെല്ലാം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് യുവതലമുറയെയാണ്. ആരോഗ്യം വ്യക്തിയുടെ ഉത്തരവാദിത്തമാണ്. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് സ്വയം മാറാന്‍ യുവജനത തയ്യാറാവണമെന്നും ഡോ. ശരത്ചന്ദ്ര പറഞ്ഞു.
സിഎസ്‌ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രാജു ജോര്‍ജ് അധ്യക്ഷത വഹിച്ചു.  ഇന്ത്യയില്‍ പ്രതിവര്‍ഷം 20 ലക്ഷത്തോളം ഹൃദയാഘാത കേസുകളാണ് റിപോര്‍ട്ട് ചെയ്യുന്നത്. രോഗസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. രോഗിയെ പെട്ടെന്നുതന്നെ സ്‌പെഷ്യാലിറ്റി ആശുപത്രിയും ആംബുലന്‍സുമായി ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്പിന് സിഎസ്‌ഐ രൂപംകൊടുക്കുന്നുണ്ടെന്ന് ഡോ. രാജു ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300ലധികം ഹൃദ്രോഗ വിദഗ്ധരും ഡോക്ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it