Cricket

കാര്യവട്ടത്ത് ഇന്ന് കളി കാര്യം

കാര്യവട്ടത്ത് ഇന്ന് കളി കാര്യം
X


എച്ച് സുധീര്‍

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ അവസാന മല്‍സരം ഇന്നു തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കും. ഇരുടീമുകള്‍ക്കും നിര്‍ണായകമായ മല്‍സരത്തിന് മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്. കനത്ത മഴയായതിനാല്‍ ഇന്നലെ ഗ്രൗണ്ടില്‍ പരിശീലനം നടത്താനും ടീമുകള്‍ക്ക് കഴിഞ്ഞില്ല. ട്വന്റി20 യില്‍ ന്യൂസിലന്‍ഡിനെതിരേ കന്നി പരമ്പരനേട്ടമെന്ന ലക്ഷ്യവുമായാണ് ഇന്നു ഇന്ത്യ കളത്തിലിറങ്ങുക. എന്നാല്‍, ആദ്യ മല്‍സരത്തിലെ തോല്‍വിക്ക് അടുത്തമല്‍സരത്തില്‍ അതേനാണയത്തില്‍ തിരിച്ചടി നല്‍കിയ കീവിസ് ഇന്നു ജയിച്ച് കപ്പ് കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കന്നി മല്‍സരത്തിനൊപ്പം കലാശപോരാട്ടമായതിനാല്‍ ഇരുടീമുകളും സമ്മര്‍ദ്ദത്തിലാണ്.

പ്രതീക്ഷ രോഹിത്- ധവാന്‍ കൂട്ടുകെട്ടില്‍
ബാറ്റിങ് കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇരുടീമുകളും ഇന്നു മല്‍സരത്തിന് ഇറങ്ങുന്നത്. എന്നാല്‍, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കന്നി മല്‍സരമായതിനാല്‍ പ്രവചനങ്ങള്‍ അസാധ്യമാണ്. ബാറ്റിങ് അനുകൂലമായ പിച്ചാണ് തയ്യാറാക്കിയിട്ടുള്ളതെങ്കിലും ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ പിച്ചിന്റെ ഗതിമാറാനും സാധ്യതയുണ്ട്. രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ ഓപണിങ് കൂട്ടുകെട്ടിന്റെ വെട്ടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയുടെ കരുത്ത്. എന്നാല്‍, ആദ്യകളിയില്‍ ഇരുവരും കാഴ്ചവച്ച പ്രകടനം രണ്ടാം മല്‍സരത്തില്‍ ആവര്‍ത്തിക്കാനായില്ല. ഇന്നു ഇരുവരും ഫോമിലേക്ക് ഉയര്‍ന്നാല്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കാവും. ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലി മികച്ച ഫോമിലാണെങ്കിലും എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ്സ് അയ്യര്‍ ഉള്‍പ്പടെയുള്ള മധ്യനിരയുടെ കഴിഞ്ഞ കളികളിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കീവിസ് ബാറ്റിങ് നിര മികച്ച ഫോമില്‍ തുടരുന്നതിനാല്‍ ഇന്ത്യയ്ക്ക് ആദ്യബാറ്റിങ് ലഭിച്ചാല്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യേണ്ടിവരും. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയും ഭൂവനേശ്വര്‍ കുമാറും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ കീവിസ് ബാറ്റിങ് നിര വെള്ളംകുടിക്കും. കഴിഞ്ഞ കളിയില്‍ കന്നിമല്‍സരത്തിന് ഇറങ്ങിയ മുഹമ്മദ് സിറാജിന് കീവിസ് ആക്രമണത്തില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാജ്‌കോട്ടില്‍  നാലോവറില്‍ 50 റണ്‍സില്‍ അധികം വഴങ്ങിയ  സിറാജിനെ പുറത്തിരുത്തി ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം കൊടുക്കാന്‍ സാധ്യതയുണ്ട്. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും അക്‌സര്‍ പട്ടേലും പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

കോളിന്‍  മണ്‍റോ തുറുപ്പുചീട്ട്
ആദ്യകളിയിലെ നാണംകെട്ട തോല്‍വിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കിയാണ് കിവീസ് മല്‍സരത്തിലേക്ക് തിരിച്ചുവന്നത്. തീപ്പൊരി ബാറ്റിങ് നടത്തുന്ന ഓപണര്‍ കോളിന്‍ മണ്‍റോയാണ് കീവികളുടെ തുറുപ്പ് ചീട്ട്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഫോമിലേക്ക് തിരിച്ചുവന്നതും നായകന്‍ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലാദം എന്നിവര്‍ അവസരത്തിനൊത്ത് ബാറ്റുവീശുന്നതും കീവിസിന് പ്രതീക്ഷ നല്‍കുന്നു. ഇന്ത്യന്‍ മണ്ണില്‍ അനുഭവസമ്പത്ത് ഏറെയുള്ള ടീം സൗത്തിയും ട്രെന്റ് ബോള്‍ട്ടും മികച്ച ബോളിങ് പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ കളിയില്‍ 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. സ്പിന്നര്‍മാരായ മിച്ചല്‍ സാന്റര്‍, ഇഷ് സോദി എന്നിവരും മികച്ച ഫോമിലാണ്.

മഴപ്പേടിയില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
തിരുവനന്തപുരത്ത് മൂന്നുദിവസമായി വിട്ടുമാറാതെ തുലാമഴ പെയ്യുകയാണ്. ഇന്നു വൈകീട്ട് മൂന്നിനും ഏഴിനും ഇടയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാത്ത ഫിഷ്‌പോണ്ട് ഡ്രെയിനേജ് സംവിധാനമാണു സ്‌റ്റേഡിയത്തിലുള്ളത്. പിച്ചുകള്‍ പൂര്‍ണമായി മൂടിയിട്ടുണ്ട്.  ന്യൂസിലന്‍ഡ് ടീമംഗങ്ങള്‍ കോവളത്ത് കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ജിമ്മില്‍ വര്‍ക്ക്ഔട്ട് നടത്തി. ഇന്ത്യന്‍ ടീം ക്യാപ്ടന്‍ വിരാട് കോഹ്്‌ലി, ദിനേശ് കാര്‍ത്തിക്, മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ലഹരിക്കെതിരായ സര്‍ക്കാര്‍ ക്യാംപയിനിലും പങ്കാളികളായി.
Next Story

RELATED STORIES

Share it