Flash News

കാര്യവട്ടം സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് വേദിയായേക്കും



തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേദിയാവാനുള്ള സാധ്യതയേറി. ഐസിസിയുടെ അംഗീകാരം കിട്ടുന്നതോടെ വരും സീസണിലെ മല്‍സരങ്ങള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും പരിഗണിക്കും. സ്റ്റേഡിയം മല്‍സരങ്ങള്‍ക്ക് സജ്ജമാണോയെന്ന് പരിശോധിച്ച് വിലയിരുത്താനെത്തിയ ബിസിസിഐ സംഘം സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ്തി അറിയിച്ചു. ബിസിസിഐ സംഘം ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയും ഓപറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ആര്‍ ശ്രീധറും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. രാജ്യാന്തര മല്‍സരങ്ങള്‍ അനുവദിക്കുന്നതിന് സ്റ്റേഡിയം സജ്ജമാണെന്നും ഇരുവരും വിലയിരുത്തി. ഇതുസംബന്ധിച്ച് റിപോര്‍ട്ട് ബിസിസിഐ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലിന് കൈമാറും. ജൂലൈയില്‍ ഐസിസി സംഘം സ്‌റ്റേഡിയം പരിശോധിക്കാനെത്തും. ഇതിന് ശേഷമാവും മല്‍സരങ്ങള്‍ അനുവദിക്കുകയെന്ന് ഓപറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ആര്‍ ശ്രീധര്‍ പറഞ്ഞു. ബിസിസിഐയുടെ പരിശോധനയിലും റിപോര്‍ട്ടിലും കേരള ക്രിക്കറ്റ് അസോസിയേഷന് വന്‍ പ്രതീക്ഷയാണുള്ളതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി സി മാത്യു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്  ബി വിനോദ്, കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ്, കെസിഎ വൈസ് പ്രസിഡന്റ് രജിത്ത് രാജേന്ദ്രന്‍, ട്രഷറര്‍ അഡ്വ. ശ്രീജിത്ത് വി നായര്‍, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍ പങ്കെടുത്തു. കൊച്ചി സ്‌റ്റേഡിയം ഫുട്‌ബോളിന് മുന്‍തൂക്കം നല്‍കിയതിനാല്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിന് കേരളം ആതിഥ്യം വഹിച്ചിട്ട് ഏറെനാളായി. അതേസമയം, മികച്ച നിലവാരമുണ്ടായിട്ടും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കെസിഎയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ബിസിസിഐ നേരത്തേ ഇവിടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇന്നലെ ഔദ്യോഗിക പരിശോധന നടത്തിയ സംഘം സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരമുള്ളതാണെന്ന് വിലയിരുത്തി. ചെറിയ ചില പുനഃക്രമീകരണങ്ങള്‍ മാത്രമാണ് നിര്‍ദേശിച്ചത്. ഐസിസി പ്രതിനിധികള്‍ ജൂലൈയില്‍ സന്ദര്‍ശനം നടത്തി അനുകൂല സമീപനം സ്വീകരിച്ചാല്‍ ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് മല്‍സരങ്ങളുടെ വേദിയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്്‌റ്റേഡിയവും ഇടംപിടിച്ചേക്കും.
Next Story

RELATED STORIES

Share it