കാരാട്ടിന് മുന്‍തൂക്കം; കൈവിടാതെ യെച്ചൂരി

എച്ച് സുധീര്‍
ഹൈദരാബാദ്: കടുത്ത ഭിന്നതയ്ക്കിടെ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയനയത്തില്‍ ഇന്നു തീരുമാനമുണ്ടാവും. 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പിബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലും ജന. സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്‍രേഖയിലും തുടരുന്ന ചര്‍ച്ചകള്‍ ഇന്ന് ഉച്ചയോടെ അവസാനിക്കും. വൈകീട്ടോടെ ഇരുനിലപാടിലും അന്തിമ തീര്‍പ്പുണ്ടാവും. തുടര്‍ന്ന് സംഘടനാ റിപോര്‍ട്ട് അവതരിപ്പിക്കും. അതേസമയം, ഇരുപക്ഷവും നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായിട്ടില്ലെന്നതിനാല്‍ വോട്ടെടുപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സമവായത്തിലൂടെ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കരട് രാഷ്ട്രീയപ്രമേയത്തിലും ബദല്‍രേഖയിലുമുള്ള ചര്‍ച്ചകളില്‍ ഇതിനകം 33 പേരാണ് സംസാരിച്ചത്. കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം അംഗീകരിക്കണമെന്ന നിലപാടിനാണ് ചര്‍ച്ചയില്‍ മുന്‍തൂക്കം. ബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഒറീസ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യെച്ചൂരിയുടെ നിലപാടുകളോട് യോജിച്ചു. കേരളം, ആന്ധ്ര, തെലങ്കാന, ഡല്‍ഹി, ഹിമാചല്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, അസം, ത്രിപുര സംസ്ഥാനങ്ങള്‍ കാരാട്ടിനൊപ്പമാണ്. ബിഹാറില്‍നിന്നുള്ള ഒരാള്‍ യെച്ചൂരിയെയും ഒരാള്‍ കാരാട്ടിനെയും പിന്തുണച്ചു. ഛത്തീസ്ഗഡ് പ്രതിനിധികള്‍ ഇരുനിലപാടിനോടും യോജിച്ചില്ല.
കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തില്‍ യെച്ചൂരിയുടെ നിലപാടിനെ തള്ളുന്ന സമീപനം കേരളഘടകം പാര്‍ട്ടി കോണ്‍ഗ്രസ്സിലും ആവര്‍ത്തിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള പി രാജീവാണ് ആദ്യം സംസാരിച്ചത്. യെച്ചൂരിക്കെതിരേ ആഞ്ഞടിച്ച രാജീവ്, പാര്‍ട്ടിയുടെ അസ്തിത്വം ഇല്ലാതാക്കാന്‍ ആരും ശ്രമിക്കരുതെന്ന് ചൂണ്ടിക്കാട്ടി. ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മിന്റെ വര്‍ഗശത്രുക്കളാണെന്ന് കെ എന്‍ ബാലഗോപാലും പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ കരട് വോട്ടിനിടണമെന്നും രഹസ്യബാലറ്റ് സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കരട് രാഷ്ട്രീയപ്രമേയത്തില്‍ തിരുത്തല്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന യെച്ചൂരിയും വോട്ടെടുപ്പിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. കരട് പ്രമേയത്തില്‍ ഭേദഗതിക്ക് പ്രതിനിധികള്‍ക്ക് വോട്ടെടുപ്പ് ആവശ്യപ്പെടാമെന്ന് യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it