Pathanamthitta local

കായിക കേരളത്തിന്റെ യശസ്സുയര്‍ത്തിയ ദമ്പതികളുടെ കൂര തകര്‍ന്നു

തൊടുപുഴ: കോളേജ് അധികൃതരുടെ കിടമത്സരങ്ങള്‍ക്കും പടിവാശിക്കും മുന്നില്‍ തകര്‍ന്നത് രാജ്യത്തിന് തന്നെ അഭിമാനമായി മാറേണ്ടിയിരുന്ന രണ്ട് കായിക താരങ്ങളുടെ ജീവിതം.  2002 മുതല്‍ 2009 വരെ കേരളത്തിന്റെ അഭിമാനമായിരുന്നു ഷാര്‍ളിന്‍ എന്ന അഷ്‌കറും ഷെമീനയെന്ന ഷെമീന ജബ്ബാറും ഇന്ന് കഴിയുന്നത് തകര്‍ന്നടിഞ്ഞ പ്ലാസ്റ്റിക് കുടിലിനുള്ളിലാണ്. അതേസമയം, ഓഖി ചുഴലിക്കാറ്റില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച കൂര തകര്‍ന്നതിനെ തുടര്‍ന്ന് ഭവനരഹിതരായ ഷാര്‍ലിന്‍ ജോസഫ് (അഷ്‌കര്‍)-ഷമീന ജബ്ബാര്‍ ദമ്പതികള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ നല്‍കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഏഴ് വര്‍ഷക്കാലം അത്‌ലറ്റിക്‌സിന്റെ കേരളത്തിന്റെ യശസ് ഉയര്‍ത്തിയ കായികതാരങ്ങളായിരുന്നു ഇവര്‍. ഇടുക്കി ജില്ലാ കളക്ടര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ ജഡ്ജി പി.മോഹനദാസ് ഉത്തരവിട്ടു.  ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് ദമ്പതികളെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിച്ചശേഷം കലക്ടറും സാമൂഹ്യനീതി ഓഫീസറും മൂന്നാഴ്ചക്കകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ദീര്‍ഘദൂര ഇനത്തില്‍ സംസ്ഥാന, ദേശീയ സ്‌കൂള്‍ കായികമേളകളില്‍ ജേതാക്കളായ ഷാര്‍ലിനും ഷെമീനയും ഇടുക്കി വെള്ളയാംകുടിയില്‍ കനവ് ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിയ 10 സെന്റ് സ്ഥലത്ത് പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ഷെഡിലായിരുന്നു താമസം.  ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.  ബുധനാഴ്ച  വീശിയടിച്ച കാറ്റിലും മഴയിലും പ്ലാസ്റ്റിക് ഷെഡ് തകര്‍ന്നു.  കീറിയ പ്ലാസ്റ്റിക് ഷീറ്റും ആസ്ബസ്റ്റോസും ചേര്‍ത്ത് അതിനുള്ളിലാണ് കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.  കൂലിപ്പണിയെടുത്താണ് ഇവര്‍ ജീവിക്കുന്നത്. ചങ്ങനാശേരിയില്‍ ഷെമീന പഠിച്ച കോളേജ്, സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കാത്തത് കാരണമാണ് സംസ്ഥാന, ദേശിയ മത്സരങ്ങളില്‍ പിന്നീട് മത്സരിക്കാന്‍ കഴിയാതിരുന്നത്. കോളേജ് അധികൃതരുടെ നിഷേധമനോഭാവം കാരണമാണ് കായികതാരങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്തതെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. മേല്‍ക്കൂരയില്ലാത്ത കൂരയിലാണ് കായികതാരങ്ങളും രണ്ട് കുട്ടികളും ഇപ്പോള്‍ താമസിക്കുന്നത്.  സര്‍ക്കാര്‍ അടിയന്തിരമായി കണ്ണുതുറക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.  ചിലപ്പോള്‍ ഇവരുടെ മക്കള്‍ അത്‌ലറ്റിസില്‍ നാളെ കേരളത്തിന്റെ അഭിമാനമായി തീര്‍ന്നേക്കുമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.  ഭരണഘടനാ തത്വങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന സമൂഹം നിസഹായരായ കായികതാരങ്ങളുടെ നിര്‍ധന ജീവിതം ഏറ്റെടുക്കണമെന്നും പി.  മോഹനദാസ് ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Next Story

RELATED STORIES

Share it