കായല്‍ സമ്മേളനം: വാര്‍ഷികാഘോഷത്തിനായി ദലിത് സംഘടനകള്‍ ഒത്തുചേരുന്നു

കൊച്ചി: ചരിത്രസ്മരണകളിരമ്പുന്ന കായല്‍ സമ്മേളനത്തിന്റെ വാര്‍ഷികാഘോഷത്തിനായി ദലിത് സംഘടനകള്‍ ഒത്തുചേരുന്നു. മുഖ്യധാരാ ചരിത്രകാരന്മാര്‍ തമസ്‌കരിച്ചതിനാലാണ് അടിമത്തത്തിന്റെ ആ ഇരുണ്ട നാളുകളില്‍ ഐതിഹാസികമായി സംഘടിപ്പിച്ച കായല്‍ സമ്മേളനത്തിന് അര്‍ഹിക്കുന്ന ഇടം ചരിത്രത്തില്‍ ലഭിക്കാതെ പോയത്. എന്നിരുന്നാലും ഒന്ന് ഒത്തുചേരാന്‍ ഒരിടം പോലും ലഭ്യമാവാത്ത ആ കാലഘട്ടത്തില്‍ കായല്‍പ്പരപ്പില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി സമ്മേളനം നടത്തി. ദലിതുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ചരിത്രത്തിലെ ആ അവിസ്മരണീയ ഏടിന്റെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്താനാണ് കായല്‍ സമ്മേളനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ കൊണ്ടാടാന്‍ തീരുമാനിച്ചതെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കായല്‍ സമ്മേളനത്തിന്റെ 105ാം വാര്‍ഷികാഘോഷമാണ് അംബേദ്കര്‍ ജയന്തി ദിനമായ 14 മുതല്‍ 21 വരെ ചരിത്രസംഭവമാക്കുന്നത്. 14നു വൈകീട്ട് 5.30ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ലാലന്‍ സ്‌ക്വയറില്‍ എത്തിച്ചേരും. തുടര്‍ന്നു നടക്കുന്ന പൊതുയോഗം ജസ്റ്റിസ് കെ തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ശാന്തമ്മ അധ്യക്ഷത വഹിക്കും.
20ന് ഉച്ചകഴിഞ്ഞ് രണ്ടിന് മറൈന്‍ ഡ്രൈവില്‍ യുവജന ശാക്തീകരണ സമ്മേളനം നടക്കും. 21നു രാവിലെ 10.40നു നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് തങ്കപ്പന്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിനു ചേരുന്ന പൊതുസമ്മേളനം മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണന്‍ ഉദ്ഘാടനം ചെയ്യും. എംജി ട്രസ്റ്റ് ചെയര്‍മാന്‍ പി വി കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും.
രാഷ്ട്രീയ-മത സംഘടനാ നേതാക്കള്‍ ഈ സമ്മേളനത്തിനുണ്ടാവില്ലെന്നതും പ്രത്യേകതയാണെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it