കായല്‍ നികത്താന്‍ തീരുമാനിച്ചിട്ടില്ലെന്നു സര്‍ക്കാര്‍

കൊച്ചി: തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ട് കായല്‍ നികത്താനോ, ടൂറിസം പദ്ധതികള്‍ ആരംഭിക്കാനോ തീരുമാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടനാട് പാക്കേജിന്റെ ഭാഗമായി ഡോ. എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ശുപാര്‍ശ പ്രകാരം നടക്കുന്ന ജോലികളുടെ മറവില്‍ കായല്‍ നികത്തി തുരുത്തുകള്‍ ഉണ്ടാക്കാനും ടൂറിസം പദ്ധതികള്‍ നടപ്പാക്കാനും നീക്കംനടക്കുന്നതായി ആരോപിച്ച് അഖില കേരള ധീവരസഭ ആലപ്പുഴ, കോട്ടയം ജില്ലാ സെക്രട്ടറിമാരായ എന്‍ ആര്‍ ഷാജി, എം കെ രാജു എന്നിവര്‍ നല്‍കിയ ഹരജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം.
മൂന്നുഘട്ടമായി നിര്‍മാണം ആരംഭിച്ച തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടമായ മധ്യഭാഗ നിര്‍മാണം പൂര്‍ത്തിയാക്കാത്ത അവസ്ഥയിലായിരുന്നുവെന്നു കുട്ടനാട് വികസന വിഭാഗം (തണ്ണീര്‍മുക്കം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ പി ഹിരണ്‍ബാബു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
31 ഷട്ടര്‍ വീതമുള്ള മൂന്നു ഘട്ടമായാണു തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണം. രണ്ടു ഘട്ടങ്ങള്‍ 1968ലും 1974ലുമായി പൂര്‍ത്തിയായി. എന്നാല്‍, മൂന്നാംഘട്ടം വൈകിയതോടെ നടുഭാഗം മണ്‍ചിറ തീര്‍ത്ത് 1976 മുതല്‍ ബണ്ട് ഉപയോഗിച്ചുവരികയാണ്. രണ്ടു തുരുത്തുകള്‍ മുഖേനയാണ് ബണ്ടിനെ മൂന്നാം ഘട്ടവുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഈ തുരുത്തുകള്‍ പുതുതായി നികത്തിയുണ്ടാക്കിയിട്ടുള്ളതല്ല. ഈ ഭാഗം ബണ്ടിന്റെ ഒഴിവാക്കാനാവാത്ത പ്രധാന ഭാഗമാണ്. ബണ്ട് നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ നീരൊഴുക്ക് സുഗമമാവും. താല്‍ക്കാലിക ബണ്ട് ഒഴിവാകുകയും ചെയ്യും. ടൂറിസം പദ്ധതികളോ, ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ റൂം അല്ലാതെ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. നിര്‍മാണം സംബന്ധിച്ച് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തണ്ണീര്‍മുക്കം പഞ്ചായത്തിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും 2011ലെ തീരദേശ സംരക്ഷണ നിയമ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തരത്തിലുള്ള ജോലികള്‍ തണ്ണീര്‍മുക്കം ബണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്നില്ലെന്നും സത്യവാങ്മൂലം പറയുന്നു.
Next Story

RELATED STORIES

Share it