Alappuzha local

കായംകുളം താപവൈദ്യുത നിലയം വെള്ളാന: രമേശ് ചെന്നിത്തല

ഹരിപ്പാട്: ഒരു യൂനിറ്റ് വൈദ്യുതി പോലും ഉല്‍പാദിപ്പിച്ച് നല്‍കാതെ സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രതിവര്‍ഷം 240 കോടി രൂപ വാങ്ങി വീര്‍ത്ത് കൊഴുത്ത് വെള്ളാനയായി മാറിയിരിക്കയാണ് കായംകുളം താപ വൈദ്യുത നിലയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് വൈദ്യുതി വകുപ്പ് 2.6 കോടി രൂപ ചിലവില്‍ നിര്‍മിച്ച പുതിയ വൈദ്യുതി ഭവന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം.
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ നാഫ്ത ഉപയോഗിച്ച്   ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി യൂനിറ്റിന് 5 രൂപ നിരക്കില്‍  താപനിലയം വിതരണം ചെയ്യുമ്പോള്‍  കായംകുളം താപനിലയം യൂനിറ്റിന് 11  രൂപയീടാക്കിയാണ് ചൂഷണം   ചെയ്യുന്നത്.  ഒരു ഉല്‍പാദനവുമില്ലാതെ  വന്‍തോതില്‍ ലാഭം കൊയ്യുകയാണ്.  ഈ രീതിക്ക് മാറ്റം വരണം. വില കുറച്ച് വൈദ്യുതി  ലഭ്യമാക്കണം. അല്ലാത്ത പക്ഷം  സര്‍ക്കാര്‍ ഏറ്റെടുക്കുകയോ  പൂട്ടുകയോ ചെയ്യണം. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയത്.  ഇതില്‍ ഏക്കര്‍ കണക്കിന് ഭൂമി വെറുതെ കിടക്കുകയാണ്. ഒരു സെന്റ് ഭൂമി പോലും വിട്ടു തരാത്ത അവസ്ഥയില്‍ പ്രദേശത്തിനോ  സംസ്ഥാനത്തിനോ യാതൊരു ഗുണവും ഈ സ്ഥാപനം കൊണ്ടില്ലെന്നും വരും കാലങ്ങളില്‍ സംസ്ഥാനത്ത് ജലവൈദ്യുത  പദ്ധതികള്‍ക്ക്  യാതൊരു സാധ്യതയും ഇല്ലെന്നും  പരിസ്ഥിതി  പ്രശ്‌നങ്ങള്‍ തന്നെ അതിന് ഏറെ തടസ്സമാണെന്നും  ചെന്നിത്തല പറഞ്ഞു.
നഗരസഭാ അധ്യക്ഷ പ്രഫ. സുധാ സുശീലന്‍ അധ്യക്ഷത വഹിച്ചു.  മുന്‍ എംഎല്‍എമാരായ അഡ്വ. ബി ബാബുപ്രസാദ്, ടി കെ ദേവകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്  ജോണ്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ബിജു കൊല്ലശേരി, എം കെ വിജയന്‍, എച്ച് നിയാസ്, ഹാരിസ് അണ്ടോളില്‍ , വൈദ്യുതി വിതരണ വിഭാഗം മേധാവി ടി കുമാരന്‍, ചീഫ് എന്‍ജിനിയര്‍ ആര്‍ അനില്‍ കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it