Flash News

കാബൂളില്‍ സ്‌ഫോടനം : 80 മരണം ; 350 പേര്‍ക്കു പരിക്ക്



കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സാന്‍ബാഖ് ചത്വരത്തിലുണ്ടായ ട്രക്ക് ബോംബാക്രമണത്തില്‍ 80ലധികം പേര്‍ കൊല്ലപ്പെട്ടു. 350ലധികം പേര്‍ക്കു പരിക്കേറ്റു. അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരവും വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും അഫ്ഗാന്‍ സ്വദേശികളാണ്. ഇന്ത്യന്‍ എംബസിയില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം നടന്നത്. ഇന്ത്യന്‍ എംബസിയെ ആക്രമണം ബാധിച്ചിട്ടില്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ആക്രമണത്തില്‍ ഫ്രഞ്ച്, ജര്‍മന്‍ എംബസികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഫ്രഞ്ച് യൂറോപ്യന്‍കാര്യ മന്ത്രി മറിയേല്‍ ഡി സര്‍നേസ് അറിയിച്ചു. ജര്‍മന്‍ എംബസിയില്‍ കാവല്‍ക്കാരനായ അഫ്ഗാന്‍ സ്വദേശി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ അറിയിച്ചു. അതേസമയം, ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നും പരിക്കേറ്റവരുടെ എണ്ണം 500 കടന്നതായും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഫ്രഞ്ച്, ജര്‍മന്‍ എംബസികള്‍ക്കു പുറമെ വീടുകളും ഓഫിസുകളും അടക്കമുള്ള നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണവുമായി ബന്ധമില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. അടുത്തിടെ കാബൂളില്‍ നടന്ന ചില ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. സ്‌ഫോടനസ്ഥലത്ത് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെയും വാഹനങ്ങള്‍ കത്തിയെരിഞ്ഞതിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അക്രമികള്‍ ഒരു ടാങ്കര്‍ ലോറിയിലെത്തി സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുടിവെള്ള ടാങ്കറാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് അതീവ സുരക്ഷാമേഖലയ്ക്കു സമീപമുള്ള സാന്‍ബാഖ് ചത്വരത്തില്‍ അക്രമികള്‍ എത്തിയതെന്നാണ് പ്രാഥമികവിവരം. അഫ്ഗാന്‍ തലസ്ഥാനത്തെ സുരക്ഷാക്രമീകരണങ്ങളിലെ പാളിച്ച ആക്രമണത്തിനു കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്. അഫ്ഗാനില്‍ നടന്ന ഏറ്റവും വലിയ സായുധ ആക്രമണങ്ങളിലൊന്നാണ് ഇന്നലത്തേത്. സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുശേഷവും മൃതദേഹങ്ങള്‍ പുറത്തെത്തിക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്.  കാബൂളിലെ ആക്രമണത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അപലപിച്ചു.
Next Story

RELATED STORIES

Share it