കാത്ത് ലാബുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാവും: മന്ത്രി

തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ഹൃദയ ചികില്‍സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചുവരുന്ന കാത്ത് ലാബുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാവുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
ഇതോടെ വളരെ ദൂരം യാത്ര ചെയ്യാതെ തൊട്ടടുത്തു തന്നെ ഹൃദ്രോഗ ചികില്‍സ സാധ്യമാവുകയും അതിലൂടെ അനേകം ആളുകളെ രക്ഷിച്ചെടുക്കാനും സാധിക്കും. 'ആര്‍ദ്രം' പദ്ധതിയുടെ ഭാഗമായി 100 കോടി രൂപയിലധികം ചെലവഴിച്ചാണു കാത്ത്‌ലാബുകള്‍ പ്രവര്‍ത്തന സജ്ജമാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ മാത്രമായിരുന്നു മുമ്പ് കാത്ത് ലാബ് ഉണ്ടായിരുന്നത്. പല മെഡിക്കല്‍ കോളജുകളിലും കാത്ത് ലാബ് ഉണ്ടെങ്കിലും രോഗികളുടെ ബാഹുല്യം കാരണം ഹൃദ്രോഗ ചികില്‍സയ്ക്കായുള്ള കാത്തിരിപ്പുമുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണു തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ രണ്ടാമതായും തൃശൂര്‍, മഞ്ചേരി, പാരിപ്പള്ളി, എറണാകുളം എന്നീ മെഡിക്കല്‍ കോളജുകളില്‍ പുതുതായും കാത്ത് ലാബ് അനുവദിച്ചത്.
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കുട്ടികള്‍ക്കായുള്ള കാത്ത് ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയില്‍ ഒരുങ്ങുകയാണ്. കുട്ടികളുടെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഓപറേഷന്‍ കൂടാതെ ചികില്‍സിക്കാന്‍ കഴിയും. ഇതിനായി പുതുതായി 13 തസ്തികകളും സൃഷ്ടിച്ചു. ഇവ രണ്ടു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കും. കൂടാതെയാണു കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കാഞ്ഞിരപ്പള്ളി, കണ്ണൂര്‍, വയനാട്, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെ ജില്ലാ ആശുപത്രികളിലും കാത്ത് ലാബ് അനുവദിച്ചിട്ടുണ്ട്. ഇവിടെയെല്ലാം കാത്ത് ലാബ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
Next Story

RELATED STORIES

Share it