kozhikode local

കാത്തു നില്‍ക്കാനിടമില്ല; കല്ലാച്ചിയില്‍ യാത്രക്കാര്‍ക്ക് ദുരിതം



നാദാപുരം: കല്ലാച്ചി ടൗണില്‍ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കല്ലാച്ചി പോസ്റ്റ് ഓഫിസ് പരിസരത്തായിരുന്നു ആദ്യം ബസ് സ്‌റ്റോപ്പ്. ഇവിടെ വടകര, തലശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസ്സുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിനിടയില്‍ റോഡ് ബ്ലോക്ക് ആവുന്നതിനാല്‍ ഒരു വര്‍ഷം മുമ്പ് സ്‌റ്റോപ്പ് സമീപത്തെ കൈരളി കോംപ്ലക്‌സ് കെട്ടിടത്തിന് മുമ്പിലേക്ക് മാറ്റിയത്. എന്നാല്‍ ഇവിടെ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കൂന്നത്. പൊരി വെയിലത്തും മഴയത്തും ബസ് കാത്തു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ യാത്രക്കാര്‍ സമീപത്തെ കടകള്‍ക്ക് മുമ്പിലുള്ള തണലിലേക്ക് മാറിനില്‍ക്കാന്‍ തുടങ്ങി. ഇതോടെ നാദാപുരം പോലിസും വ്യാപാരികളും മുന്‍കയ്യെടുത്ത് നടപ്പാക്കിയ സ്‌റ്റോപ്പ് മാറ്റം അട്ടിമറിക്കപ്പെടുകയായിരുന്നു. ബസ്സുകള്‍ ഇപ്പോള്‍ തോന്നിയ സ്ഥലത്ത് നിര്‍ത്തുന്ന സ്ഥിതിയാണ്. ഇത് മൂലം പലപ്പോഴും റോഡ് ബ്ലോക്കാവുകയാണ്. എവിടെയാണ് ബസ് നിര്‍ത്തുന്നതെന്നറിയാതെ യാത്രക്കാര്‍ കൂട്ടമായി ബസ്സിനു പിന്നാലെ നെട്ടോട്ടമോടേണ്ട അവസ്ഥയിലും. ഇത് പലപ്പോഴും പൊതുവെ തിരക്കേറിയ ടൗണില്‍ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. നാദാപുരം ട്രാഫിക് പോലിസ് ഇക്കാര്യം സൂചിപ്പിച്ച് അടിയന്തര പ്രാധാന്യത്തോടെ രേഖാമൂലം അറിയിച്ചിട്ടും ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ നിഷേധ നിലപാടിലാണ്. സ്‌കൂള്‍ തുറക്കുന്നതോടെ യാത്രാദുരിതം രൂക്ഷമാവാനാണ് സാധ്യത.രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികളടക്കം ഒരേ സമയം നൂറു കണക്കിന് പേരാണ് ഇവിടെ യാത്രക്കായി എത്തുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നും സത്വര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടായേക്കുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു.
Next Story

RELATED STORIES

Share it