കാണാതായ കപ്പല്‍ എംബസി ഇടപെട്ടതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ തീരത്തുനിന്ന് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി കരുതുന്ന കപ്പലിലുള്ള ഇന്ത്യക്കാരെ കണ്ടെത്തുന്നതിന് നൈജീരിയ, ബെനിന്‍ അധികൃതരുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റ് ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിങ് മാനേജ്‌മെന്റ് കമ്പനിയുടെ എംടി മറൈന്‍ എക്‌സ്പ്രസ് എണ്ണ ടാങ്കറാണ് കഴിഞ്ഞദിവസം വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിന്‍ തീരത്തുവച്ച് കാണാതായത്. കപ്പലിലുള്ള 22 ജീവനക്കാരും ഇന്ത്യക്കാരാണ്. എണ്ണക്കപ്പലില്‍ രണ്ടു മലയാളികള്‍ ഉള്ളതായാണ് വിവരം. നൈജീരിയയിലെ ഇന്ത്യന്‍ എംബസിയാണ് വിഷയത്തില്‍ ഇടപെടുന്നത്. ബെനിന്‍, നൈജീരിയ ഉദ്യോഗസ്ഥരുമായി അബുജയിലെ ഇന്ത്യന്‍ എംബസി ആശയവിനിമയം നടത്തുന്നുണ്ട്്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ്‌കുമാര്‍ അറിയിച്ചു. എംബസിയില്‍ 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്്്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഹെല്‍പ് ലൈന്‍ നമ്പറായ +2349070343860ല്‍ നിന്നു ലഭിക്കുമെന്നും രവീഷ്‌കുമാര്‍ ട്വീറ്റ് ചെയ്തു. ജനുവരി 31നാണ് ബെനിന്‍ രാജ്യാതിര്‍ത്തിയിലേക്ക് കപ്പല്‍ പ്രവേശിച്ചത്. പിറ്റേന്ന് കപ്പല്‍ കാണാതാവുകയായിരുന്നു. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലില്‍ 52 കോടി രൂപയുടെ ഇന്ധനമുണ്ട്. കപ്പലുമായി വിനിമയബന്ധം നഷ്ടപ്പെട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് നൈജീരിയ, ബെനിന്‍ തുടങ്ങിയ രാജ്യങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് കാണാതായ കപ്പലിനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. കപ്പല്‍ കാണാതായ വിവരം ഡിജിഎസ് ഡയറക്ടര്‍ ജനറല്‍ ബി ആര്‍ ശേഖര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നൈജീരിയന്‍ നാവികസേനയും തീരദേശ സേനയും തിരച്ചിലിനു രംഗത്തുണ്ട്. കപ്പല്‍ ഏറ്റവും ഒടുവില്‍ നങ്കൂരമിട്ട പ്രദേശം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it