thiruvananthapuram local

കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: പൊഴിയൂര്‍ മുതല്‍ അടിമലത്തുറ വരെയുള്ള തീരദേശത്ത് നിന്ന് കടലില്‍ പോയി കാണാതായവരുടെ എണ്ണം അമ്പതിലധികം. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കാണാതായവരുടെ ബന്ധുക്കള്‍ പ്രിയപ്പെട്ടവരുടെ വരവും കാത്ത് കടപ്പുറത്ത് കാത്തിരിക്കുന്ന കാഴ്ചയാണ് തീരദേശം മുഴുവന്‍. ഓഖി ചുഴലിക്കാറ്റ് തീര്‍ത്ത ആഘാതത്തില്‍ നിന്ന് മുക്തരാവാതെ ജീവിക്കുകയാണ് തീരദേശഗ്രാമങ്ങള്‍. ഉറ്റവരെ വേര്‍പെട്ട് വിലപിക്കുന്നവരും കാണാതായവരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുമാണ് ഇവിടെ ഭൂരിഭാഗം പേരും. അന്നത്തിനുള്ള വകതേടി തൊഴിലാളികള്‍ കടലില്‍ പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. തീരദേശത്തെ പൊഴിയൂര്‍ മുതല്‍ അടിമലത്തുറ വരെയുള്ള ആയിരക്കണക്കിന് തീരദേശവാസികളുടെ ജീവിതമാണ് പട്ടിണിയിലും ദുരിതത്തിലും നീങ്ങുന്നത്. ഓരോ ദിവസവും മുന്നറിയിപ്പുകള്‍ വരുന്നതിനാല്‍ ആശങ്കയോടെ കടലില്‍ പോകാന്‍ തൊഴിലാളികള്‍ക്കാവുന്നില്ല. അതിനാല്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികളാകെ പട്ടിണിയിലേക്ക് നീങ്ങുകയാണ്. മീന്‍പിടിത്തവും വില്‍പനയും തൊഴിലായി സ്വീകരിച്ചവരാണ് ഭൂരിഭാഗവും. ഇവര്‍ക്ക് ഒരുനേരത്തെ അന്നം വേണമെങ്കില്‍ കടലിനെ ആശ്രയിച്ചേ പറ്റൂ. ഇവര്‍ക്ക് ജീവിക്കാനുള്ള വക കൊടുക്കുന്നത് കടലാണ്. കഴിഞ്ഞ രണ്ടുമാസമായി കടലില്‍ നിന്ന് ആവശ്യത്തിന് മീന്‍ ലഭിച്ചിരുന്നില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. ഇത് ഇവരുടെ കുടുംബത്തെ പട്ടിണിയിലാക്കിയിരുന്നു. പൊഴിയൂര്‍ മുതല്‍ അടിമലത്തുറവരെയുള്ള നൂറുകണക്കിന് മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യക്ഷാമത്താല്‍ ബുദ്ധിമുട്ടിലായിരുന്നു അടുത്തകാലംവരെ. ആവശ്യത്തിന് മീന്‍ ലഭിക്കാത്തതിനാല്‍ പല മീന്‍പിടിത്ത തൊഴിലാളികളും കടലില്‍ പോവാത്ത സ്ഥിതിയിലായിരുന്നു. കൂടാതെ ഒരു ചാകരക്കോള് പ്രതീക്ഷിച്ച് വള്ളം കരയിലടുപ്പിച്ച് കാത്തിരിക്കുകയായിരുന്നു ഭൂരിഭാഗംപേരും. ഇതിനിടയിലാണ് കടലിനെ ഇളക്കിമറിച്ച ചുഴലിക്കാറ്റ് ഇവരുടെ ജീവിതത്തിന് ദുരിതം സമ്മാനിച്ചത്.
Next Story

RELATED STORIES

Share it