malappuram local

കാട്ടുപന്നികളുടെ ആക്രമണത്തില്‍ വിളനാശം നേരിട്ട കര്‍ഷകന്‍ ദുരിതക്കയത്തില്‍

എടക്കര: കാട്ടുപന്നികളുടെ ആക്രമണത്തില്‍ വിളനാശം നേരിട്ട കര്‍ഷകന്‍ ദുരിതക്കയത്തില്‍. വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. ഉപ്പയിലെ രഘുനാഥപിള്ളയുടെ മുന്നൂറിലേറെ വാഴകളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. ഉപ്പട പാടശേഖരത്തില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ നാലിടങ്ങളിലായി രണ്ടായിരം പൂവന്‍ വാഴകളാണ് രഘുനാഥപിള്ള കൃഷി ചെയ്തുവരുന്നത്.
ഇതില്‍ മുന്നൂറിലധികം വാഴകള്‍ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. വന്‍ തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് ഇയാള്‍ കൃഷി ചെയ്തുവരുന്നത്. വിളനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ ഇദ്ദേഹം വനംവകുപ്പില്‍ പരാതി നല്‍കാറുമില്ല. കാട്ടുപന്നികള്‍ വിളകള്‍ നശിപ്പിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാത്ത വനം വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 2011-ജനുവരിയില്‍ കൃഷിയിടത്തിലെ കഴുത്തില്‍ കയറിട്ട് മരത്തില്‍ കയറി ആത്മഹത്യയ്‌ക്കൊരുങ്ങിയ ആളാണ് രഘുനാഥപിള്ള. ജില്ലാ കലക്ടറും ഉന്നത ഉദേ്യാഗസ്ഥരുമടക്കം സ്ഥലത്തെത്തി കാര്‍ഷിക വിളനാശത്തിന് മതിയായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് അനുവദിക്കാമെന്ന ഉറപ്പിലാണ് രഘുനാഥപിള്ള അന്ന് സമരം അവസാനിപ്പിച്ചത്. പിന്നീട് വനം വകുപ്പ് വിളനാശത്തിന് നഷ്ടപരിഹാരമായി നല്‍കിയ 12675രൂപയുടെ ചെക്ക് രഘുനാഥപിള്ള സ്വീകരിച്ചില്ല. ഏറെ കോളിളക്കമുണ്ടാക്കിയ രഘുനാഥപിള്ളയുടെ ആത്മഹത്യ സമരത്തിന് ശേഷവും കാലഹരണപ്പെട്ട വിളനാശമാണ് വനം വകുപ്പ് നല്‍കിവരുന്നത്. മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വിളനാശം നേരിടുന്ന എല്ലാ കര്‍ഷകര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് തയ്യാറാകണമെന്നും വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ വനാതിര്‍ത്തികളില്‍ ശക്തമായ ഫെന്‍സിങ് സംവിധാനം ഒരുക്കണമെന്നുമാണ് രഘുനാഥപിള്ളയുടെ ആവശ്യം. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വ്യത്യസ്തമായ കര്‍ഷകപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് രഘുനാഥപിള്ള.
Next Story

RELATED STORIES

Share it