Idukki local

കാട്ടുതീ: വനപാലകര്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന്

ഇടുക്കി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടുതീ പടര്‍ന്ന് 16 പേര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ ദേവികുളം താലൂക്കിലെ കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വനപാലകര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന പരാതിയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. ഇതു സംബന്ധിച്ച് ഗ്രീന്‍ കെയര്‍ കേരളയെന്ന പരിസ്ഥിതി സംഘടന വനംവകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.
എല്ലാ വര്‍ഷവും കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ വകയിരുത്തുന്നുണ്ടെങ്കിലും വനപാലകര്‍ക്ക് കാട്ടുതീ തടയാന്‍ സാധിക്കുന്നില്ലെന്നാണ് പരിസ്ഥിതി സംഘടനയുടെ പരാതി. ഇതു സംബന്ധിച്ച് വനംമന്ത്രി, ദേവികുളം ഡിഎഫ്ഒ, തിരുവനന്തപുരം സിസിഎഫ്, കേരള സ്‌റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് തുടങ്ങിയവര്‍ക്ക് സംഘടന പരാതി നല്‍കി. എല്ലാ വര്‍ഷവും കൃത്യമായി കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വകുപ്പുകള്‍ ഫണ്ടുകള്‍ വകയിരുത്തുന്നുണ്ടെങ്കിലും കാട്ടുതീയില്‍ കത്തിയമരുന്ന വനസമ്പത്തിന്റെ കാര്യത്തില്‍ കുറവുണ്ടാകുന്നില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗത്തില്‍ വകമാറ്റല്‍ നടത്തുന്നതായി സംശയിക്കുന്നതായും ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ പറഞ്ഞു.
ദേവികുളം താലൂക്കില്‍ ഇത്തവണ അടിമാലി കൊരങ്ങാട്ടി വനമേഖലയിലായിരുന്നു ആദ്യമായി കാട്ടുതീ പടര്‍ന്നു പിടിച്ചത്.ശേഷം അടിമാലിക്ക് സമീപമുള്ള കൂമ്പന്‍പാറയിലും ആനവിരട്ടിയിലും ഇരുട്ടുകാനത്തും കാട്ടുതീ പടര്‍ന്നു. ഏറ്റവും ഒടുവില്‍ മാങ്കുളം ഗ്രാമപഞ്ചായത്തിലെ പാമ്പുംകയത്തും വിരിഞ്ഞപാറ വനമേഖലകളിലും പടര്‍ന്ന കാട്ടുതീയില്‍ എക്കറുകണക്കിന് വനമേഖലയാണ് കത്തിയമര്‍ന്നത്.
കാട്ടുതീ പ്രതിരോധിക്കുന്നതിനായി ഫയര്‍ലൈന്‍ തെളിക്കുകയും ബോധവല്‍ക്കരണ ബോഡുകള്‍ സ്ഥാപിക്കുകയും ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടും പ്രയോജനം നല്‍കുന്നില്ലെന്ന് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.
ആദിവാസി യുവാക്കളെ ഉള്‍പ്പെടുത്തി ഒരോ മേഖലയിലും കാട്ടുതീ പ്രതിരോധ സംഘത്തെ രൂപീകരിക്കുമെന്നറിയിച്ചിരുന്നെങ്കിലും അവയും കൃത്യമായ ഗുണം ചെയ്തില്ല. വനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും വനംവകുപ്പ് തന്നെ വച്ച് പിടിപ്പിക്കുന്ന മരത്തൈകളാണ് ഓരോ വേനല്‍കാലത്തും ആദ്യം കത്തിയമരുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it