കാട്ടുതീക്കുരുതിക്കിടയിലും ഉല്ലാസത്തിമിര്‍പ്പില്‍ മന്ത്രിമാര്‍

തേനി: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കാട്ടുതീയില്‍ പെട്ടപ്പോള്‍ തമിഴ്‌നാട് മന്ത്രിമാര്‍ ഉല്ലാസത്തിമിര്‍പ്പില്‍. മന്ത്രിമാരായ സെല്ലുര്‍ രാജു, ദിണ്ഡിഗല്‍ ശ്രീനിവാസന്‍, ഉദയകുമാര്‍ എന്നിവരാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വത്തിന്റെ മകന്റെ പാര്‍ട്ടിയിലെ സ്ഥാനാരോഹണ ചടങ്ങ് കൊഴുപ്പിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ 75ാം ജന്മദിനാചരണ ചടങ്ങ് തേനിയില്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 7070 പേര്‍ക്ക് ആട്, കോഴി, ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കിയിരുന്നു.
എന്നാല്‍, ഇതിന്റെ മറവില്‍ ഒ പന്നീര്‍സെല്‍വത്തിന്റെ മകന്‍ രവീന്ദ്രനാഥിനെ ഔദേ്യാഗികമായി പാര്‍ട്ടിയുടെ തേനി ജില്ലാ സെക്രട്ടറിയാക്കുന്ന ചടങ്ങാണ് നടത്തിയത്. പാര്‍ട്ടിയുടെ യുവജന വിഭാഗം തേനി സെക്രട്ടറിയായിരുന്നു രവീന്ദ്രനാഥ്. എന്നാല്‍, അഴിമതിയും പാര്‍ട്ടി വിരുദ്ധ പരിപാടിയും നടത്തിയതോടെ ഇയാളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയലളിത പുറത്താക്കിയിരുന്നു. മാത്രമല്ല യാതൊരു കാരണവശാലും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ജയലളിത മരിച്ചതോടെയാണ് പന്നീര്‍സെല്‍വം മകനെ വീണ്ടും പാര്‍ട്ടി നേതൃത്വത്തിലേക്ക് അവരോധിക്കുന്ന ചടങ്ങ് ജന്മദിനം മറയാക്കി നടത്തിയത്.
ഈ ചടങ്ങ് നടക്കുമ്പോഴാണ് കൊരങ്ങിണിയില്‍ ട്രക്കിങിന് പോയ ആളുകള്‍ കാട്ടുതീയില്‍ പെട്ടതായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവരം ലഭിച്ചത്. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങിന്റെ റിപ്പോര്‍ട്ടിങ് മതിയാക്കി സംഭവസ്ഥലത്തേക്ക് തിരിച്ചു. മാത്രമല്ല കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ പോലും രാത്രി ഒമ്പതരയോടെ സംഭവ സ്ഥലത്തെത്തി. എന്നാല്‍, ചടങ്ങ് അവസാനിച്ച് പത്തരയോടെയാണ് ഉപ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബോഡി നായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. എട്ടോളം പേര്‍ മരിച്ചതായി വിവരം ലഭിച്ചെങ്കിലും ഇക്കാര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല സര്‍ക്കാര്‍ ഇത് തികഞ്ഞ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്.
ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ ഉപമുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും രാത്രിയോടെ കൊരങ്ങിണിയില്‍ എത്തി ക്യാംപ് ചെയ്യുകയായിരുന്നു. സര്‍ക്കാരിന്റെ ഉദാസീനമായ നിലപാടു മൂലമാണ് മൃതദേഹങ്ങള്‍ ഒരു ദിവസം വൈകി കണ്ടെടുക്കാന്‍ കാരണം. ഇത് തമിഴ്‌നാട്ടിലെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. റോം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചുവെന്ന ചരിത്ര സംഭവത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാണിച്ച നിലപാട്.
Next Story

RELATED STORIES

Share it