malappuram local

കാട്ടാന ആക്രമണത്തില്‍ വലഞ്ഞ് എടക്കര മേഖലയിലെ ജനങ്ങള്‍

എടക്കര: ഭക്ഷണം തേടി കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് നിത്യസംഭവമായി മാറിയതോടെ മലയോരമേഖലയിലെ ജനങ്ങള്‍ ദുരിതത്തില്‍. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ലക്ഷങ്ങളുടെ കൃഷിനാശമാണ് കര്‍ഷകര്‍ക്ക് നേരിട്ടിട്ടുള്ളത്.
കാര്‍ഷികവൃത്തിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കുടിയേറ്റ കര്‍ഷകര്‍ വന്യമൃഗ ശല്ല്യംമൂലം ജീവതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. ശല്യം രൂക്ഷമായതോടെ വനാതിര്‍ത്തികളില്‍ താമസിക്കുന്ന ഭൂരിഭാഗം കര്‍ഷകരും കൃഷി പാടെ ഉപേക്ഷിച്ച മട്ടാണ്. കഴിഞ്ഞ പതിമൂന്നിന് വഴിക്കടവ് മരുതകുട്ടി ചോലയില്‍ കല്ലന്‍ തൊടിക സെയ്ത് പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണത്തിനിരയായി.
കരിയംമുരിയം വനത്തില്‍ നിന്നു സ്ഥരമായി ജനവാസകേന്ദ്രങ്ങളില്‍ എത്തുന്ന ഒറ്റയാന്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അറന്നാടംപാടം, ഉണിച്ചന്തം, ഉദിരകുളം, താമരക്കുളം, ഉടുമ്പൊയില്‍, മണക്കാട്, പൊട്ടന്‍തരിപ്പ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. രാത്രി വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിവര്‍ക്ക്. മൂത്തേടം പഞ്ചായത്തിലെ പടുക്ക വനം സ്റ്റേഷന്‍ പരിധിയില്‍ പകല്‍ സമയത്തുപോലും ആനകളുടെ ശല്യം രൂക്ഷമാണ്. വഴിക്കടവ് പഞ്ചായത്തിലെ ആനമറി, പുഞ്ചകൊല്ലി, വെള്ളക്കട്ട, തഴവയല്‍, രണ്ടാംപാടം, തെക്കേപാലാട് തുടങ്ങി പ്രദേശങ്ങളിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു.
കഴിഞ്ഞവര്‍ഷം ആനയുടെ അടിയേറ്റ് ട്രഞ്ചില്‍ വീണ ക്ഷീരകര്‍ഷകന്‍ ജോസഫ്, പൂവത്തി പൊയില്‍ കറളിക്കാടന്‍ അയ്യപ്പന്‍ എന്നിവര്‍ക്ക് ഭാഗ്യംകൊണ്ടുമാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്. പൂവ്വത്തി പൊയില്‍ ആലങ്ങാടന്‍ അബ്ദുള്‍ നാസറിന്റെ കോഴിഫാം ഷെഡ്‌വരെ കാട്ടാനകള്‍ നശിപ്പിച്ചിരുന്നു.
സംസ്ഥാന വിത്ത് കൃഷി തോട്ടമായ മുണ്ടേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പരിക്കേറ്റിട്ടുണ്ട്. വനാന്തര്‍ഭാഗത്തെ ആദിവാസി ഊരുകള്‍ മിക്കവയും കാട്ടാനകളുടെ ആക്രമണ ഭീഷണിയിലാണ്.
വനാതിര്‍ത്തികളില്‍ ട്രഞ്ചിങും ഫെന്‍സിംങും ഏര്‍പ്പെടുത്തണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
Next Story

RELATED STORIES

Share it