Kottayam Local

കാഞ്ഞിരപ്പള്ളിയില്‍ സോളാര്‍ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതം

കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ നോക്കുകുത്തികളാവുന്നു. വൈദ്യുതി ചെലവ് കുറച്ച് സൗരോര്‍ജ വിപ്ലവം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വിവിധയിടങ്ങളില്‍ സൗരോര്‍ജലൈറ്റുകള്‍ സ്ഥാപിച്ചത്. കാഞ്ഞിരപ്പള്ളി നഗരത്തില്‍ മാത്രം പത്തോളം സരോര്‍ജലൈറ്റുകളാണ് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചത്. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മാത്രം മൂന്ന് ലൈറ്റുകള്‍ ഘടിപ്പിച്ചു. വൈദ്യുതി തൂണുകളില്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിന്ന ലൈറ്റുകള്‍ നാട്ടുകാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. 26ാം മൈല്‍ ജങ്ഷന്‍, മണിമല റോഡിന്റെ പ്രവേശന കവാടം തുടങ്ങി വിവിധ സ്ഥലങ്ങളിലെ ലൈറ്റുകളാണ് തകരാറിലായിരിക്കുന്നത്. ലൈറ്റുകള്‍ സ്ഥാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ തകരാറിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. മേഖലയില്‍ വിവിധ പഞ്ചായത്തുകളിലായി അന്‍പതോളം ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരോന്നിനും ചെലവ് 50,000ന് മുകളില്‍ വരും. ഇവയില്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ലന്ന് നാട്ടുകാര്‍ പറയുന്നു. പ്രധാന ജങ്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചില ലൈറ്റുകള്‍ കാടുകയറി നശിക്കുമ്പോള്‍ മറ്റുചില ലൈറ്റുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബോര്‍ഡ് സ്ഥാപിക്കുന്നതിനായാണ് ഉപയോഗിച്ചുവരുന്നത്. നിസാര തകരാര്‍ പരിഹരിച്ച് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്നിരിക്കെയാണ് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകള്‍ അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്. ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടതിന്റെ ചുമതല ഗ്രാമപ്പഞ്ചായത്തിനാണ്. മിക്കയിടത്തും വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണു വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നത്. പകല്‍ വെളിച്ചത്തില്‍ താനേ അണയുന്ന സംവിധാനമാണുള്ളത്. മണ്ഡല കാലത്ത് കാല്‍നടയായി പോവുന്ന തീര്‍ത്ഥാടകര്‍ക്ക് സോളാര്‍ ലൈറ്റുകള്‍ ഏറെ ആശ്രയമായിരുന്നു. അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കി ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നതിനു ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it