kasaragod local

കാഞ്ഞങ്ങാട് നഗരസഭാ യോഗത്തില്‍ ബഹളം; ചെയര്‍മാന്‍ ഇറങ്ങിപ്പോയി

കാഞ്ഞങ്ങാട്: ചെയര്‍മാന്റെ ദുരിതാശ്വാസ നിധിയിലേക്ക് പത്മശ്രീ എം എ യൂസഫലി നല്‍കിയ സംഭാവനയെ സംബന്ധിച്ച് വന്ന അജണ്ടയില്‍ ചര്‍ച്ച നടക്കാത്തതിനേ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കൗണ്‍സില്‍ യോഗത്തില്‍ 43ാമത്തെ അജണ്ടയായി വന്ന ഫണ്ട് സംബന്ധിച്ചുള്ള അജണ്ട ചര്‍ച്ച നഗരസഭ ചെയര്‍മാന്‍ വിസമ്മതിച്ചതോടെയാണ് ബഹളമുണ്ടായത്. തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരും നഗരസഭ ചെയര്‍മാനും തമ്മില്‍ വാക്കേറ്റമുണ്ടായി. ചെയര്‍മാന്‍ ഇറങ്ങി പോകുകയും ചെയ്തു. അകാരണമായി നഗരസഭ ജീവനക്കാരന്‍ മുഹമ്മദ് റിയാസിനെ സസ്‌പെന്റ് ചെയ്തത് സംസാരിക്കാന്‍ ചെയര്‍മാന്‍ വിസമ്മതിച്ചതും ബഹളത്തിന് കാരണമായി.
നേരത്തേ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അത് ചെയര്‍മാന്‍ ലംഘിക്കുകയായിരുന്നുവെന്നും മുസ്്‌ലിംലീഗ് നഗരസഭ പാര്‍ലമെന്ററി ലീഡര്‍ കെ മുഹമ്മദ് കുഞ്ഞി അറിയിച്ചു. അതേ സമയം ഇന്നലെ നടന്ന നഗരസഭ യോഗത്തിലെ അജണ്ടയിലെ പലതിനോടും വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. നഗരസഭയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കല്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് കൗണ്‍സില്‍ യോഗത്തിനു മുമ്പാകെ ആവശ്യമുയര്‍ന്നു.
നഗരസഭ കൗണ്‍സിലിനെ അറിയിക്കാതെ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത സംഭവവും കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. മതിയായ യോഗ്യതയില്ലാത്തവരെ ഡാറ്റ എന്‍ട്രി ഓപറേറ്ററായി നിയമിച്ചതും ചര്‍ച്ചയായി. തുടര്‍ന്ന് നിലവിലുള്ള നിയമനം മരവിപ്പിക്കാനും ബികോം, പിജിഡിസിഎ യോഗ്യതയുള്ളവരെ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാരായി നിയമിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നഗരത്തിലെ അനധികൃത കെട്ടിടത്തിനെതിരേ നടപടി എടുക്കാത്തതിനെ കുറിച്ചും പ്രതിപക്ഷം കൗണ്‍സിലര്‍മാര്‍ വിമര്‍ശനം ഉന്നയിച്ചു. അനധികൃത കെട്ടിടങ്ങള്‍ക്ക് നോട്ടീസ് കൊടുത്തിരുന്നുവെന്നും അവ പൊളിച്ച് മാറ്റാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജാഫര്‍, കൗണ്‍സിലര്‍മാരായ കെ മുഹമ്മദ് കുഞ്ഞി, അസയ്‌നാര്‍ കല്ലൂരാവി, അബ്ദുര്‍റസാഖ് തായിലക്കണ്ടി, ടി കെ സുമയ്യ സംസാരിച്ചു.
അതേസമയം കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പ്രകടിപ്പിച്ച ധിക്കാരപരമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇന്ന് രാവിലെ പത്ത് മുതല്‍ നഗരസഭ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും. നഗരസഭ കൗണ്‍സില്‍ യോഗത്തിന് ശേഷം യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിലാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സമരം നടത്താന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it