Flash News

കാംബ്രിജ് അനലിറ്റിക്ക വോട്ടര്‍മാരുടെ ജാതിക്കണക്ക് തയ്യാറാക്കി, കേരളത്തില്‍ ജിഹാദി റിക്രൂട്ട്‌മെന്റ് വിവരം തേടി

കാംബ്രിജ് അനലിറ്റിക്ക വോട്ടര്‍മാരുടെ ജാതിക്കണക്ക് തയ്യാറാക്കി, കേരളത്തില്‍ ജിഹാദി റിക്രൂട്ട്‌മെന്റ് വിവരം തേടി
X


ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ കാംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വൈലി. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കായി വോട്ടര്‍മാരുടെ ജാതി തിരിച്ച കണക്കുകള്‍ തയ്യാറാക്കിയതായും കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളില്‍ ജിഹാദിലേക്കുള്ള റിക്രൂട്ട്‌മെന്റിനോടുമുള്ള പ്രതികരണം തേടിയതായുമാണ് വെളിപ്പെടുത്തല്‍.
ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വൈലി ട്വിറ്ററിലൂടെ കൂടുതല്‍ വിവരങ്ങളുമായി രംഗത്തെത്തിയത്.
കാംബ്രിജിന്റെ മാതൃകമ്പനിയായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് (എസ്‌സിഎല്‍) ആണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 2007ലാണ് കേരളം, പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. മലയാളികള്‍ക്ക് ജിഹാദി പ്രസ്ഥാനങ്ങളോടും ജിഹാദിലേക്കുള്ള റിക്രൂട്ട്‌മെന്റിനോടുമുള്ള പ്രതികരണമാണ് തേടിയത്. രാജ്യമൊട്ടാകെയുള്ള ഒരു വിവരശേഖരണമായിരുന്നു ലക്ഷ്യം. ജനങ്ങളെ ജിഹാദിലേക്ക് ആകര്‍ഷിക്കുന്നതിന് എതിരേയുള്ള പദ്ധതിക്കു വേണ്ടിയുള്ള വിവരശേഖരണമാണ് നടത്തിയത്. ജിഹാദിനോട് ആഭിമുഖ്യമുള്ളവരായിരുന്നില്ല, മറിച്ച്, അതിനെ എതിര്‍ക്കുന്നവരായിരുന്നു പദ്ധതിയുടെ ലക്ഷ്യമെന്നും വൈലി വ്യക്തമാക്കി.
എസ്‌സിഎല്ലിന് ഇന്ത്യയില്‍ പല ഭാഗങ്ങളിലും ഓഫിസുകള്‍ ഉണ്ടെന്നും ആധുനിക കോളനിവല്‍ക്കരണം പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണെന്നും വൈലി തന്റെ ട്വീറ്റില്‍ പറഞ്ഞു. 2003 മുതല്‍ രാജ്യത്തെ വിവിധ പാര്‍ട്ടികള്‍ക്കു വേണ്ടി കാംബ്രിജ് ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതായി വ്യക്തമാക്കുന്ന രേഖകള്‍  വൈലി തന്റെ ട്വീറ്റിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സിനെ കൂടാതെ ജെഡിയു വിന്റെ പേരും ഈ രേഖകളിലുണ്ട്.
2012ല്‍ ഒരു ദേശീയ പാര്‍ട്ടിക്കു വേണ്ടി ഉത്തര്‍പ്രദേശില്‍ ജാതിഘടനയെ ആഴത്തില്‍ വിശകലനം ചെയ്യുന്ന സര്‍വേ നടത്തിയതായും വൈലി അറിയിച്ചു. വോട്ടര്‍മാരുടെ ചായ്‌വ്, സ്വാധീനിക്കുന്നതിനുള്ള ഘടകങ്ങള്‍, പാര്‍ട്ടിയുടെ ശക്തി തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു വിവിധ സംസ്ഥാനങ്ങളിലെ പഠനങ്ങള്‍. 2009ലെ ദേശീയ തിരഞ്ഞെടുപ്പില്‍ നിരവധി ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങള്‍ എസ്‌സിഎല്‍ നടത്തിയിട്ടുണ്ട്. 2010ലെ ബിഹാര്‍ തിരഞ്ഞെടുപ്പ്, 2003ലെ മധ്യപ്രദേശ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകള്‍ എന്നിവയിലും ഇടപെടല്‍ നടത്തിയിരുന്നുവെന്നും ക്രിസ്റ്റഫര്‍ വൈലി പറയുന്നു.
മാത്രമല്ല, ഇന്ത്യയൊട്ടാകെയുള്ള 600 ജില്ലകളില്‍ ഏഴു ലക്ഷം ഗ്രാമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സ്ഥാപനത്തിന്റെ ശേഖരത്തിലുണ്ട്.
Next Story

RELATED STORIES

Share it