കസ്റ്റഡി മരണം സിബിഐക്ക് വിടണം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിലെ അന്വേഷണം എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. യഥാര്‍ഥ പ്രതികളെ  അറസ്റ്റ് ചെയ്യാനാവാതെ  പ്രത്യേക അന്വേഷണസംഘം ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
ശ്രീജിത്തിന്റെ ആശ്രിതര്‍ക്ക് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തുക കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നു  ഈടാക്കാം. ശ്രീജിത്തിന്റെ ഭാര്യക്ക് എത്രയും വേഗം സര്‍ക്കാര്‍ജോലി നല്‍കണം. ഭാര്യയും മൂന്നു വയസ്സുള്ള പെണ്‍കുട്ടിയും വൃദ്ധമാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിനു നഷ്ടമായത് ഏക അത്താണിയാണ്.
ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥരെ ഉടനെ സസ്‌പെന്റ് ചെയ്യണം. തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യണമെന്നും കമ്മീഷന്‍ അവശ്യപ്പെട്ടു.
ശ്രീജിത്തിനു മര്‍ദനമേറ്റത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടില്‍ നടന്ന അടിപിടിക്കിടയിലാണെന്ന ആലുവ റൂറല്‍ എസ്പിയുടെ പ്രസ്താവന ദുരൂഹമാണ്. അന്വേഷണത്തിനു മുമ്പ് എസ്പി തലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത് എങ്ങനെയാണെന്ന് കമ്മീഷന്‍ ചോദിച്ചു.
എസ്പിയുടെ അറിവോടെയാണ് അദ്ദേഹത്തിന്റെ ടാസ്‌ക്‌ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് കമ്മീഷന്‍ വിലയിരുത്തി. വാസുദേവന്റെ മകന്‍ നല്‍കിയ മൊഴിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് പ്രഥമ വിവര സ്റ്റേറ്റ്‌മെന്റില്‍ കണ്ടെത്തിയതായി കമ്മീഷന്‍ പറഞ്ഞു.
ശ്രീജിത്തിനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാതെ സ്റ്റേഷനില്‍ കൊണ്ടുപോയത് ദുരൂഹമാണ്. ഇതു സംബന്ധിച്ച് പോലിസ് പറയുന്ന കാരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. പ്രത്യേക അന്വേഷണസംഘം ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണോ എന്നു കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it