Flash News

കസാനില്‍ ആര് കസറും? അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍

കസാനില്‍ ആര് കസറും? അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍
X


കസാന്‍: ലോകകപ്പിലെ രണ്ട് കിരീടരാജാക്കന്‍മാര്‍ ഇന്ന് കസാന്‍ സ്റ്റേഡിയത്ത് ആദ്യ പ്രീക്വാര്‍ട്ടറില്‍ ഇറങ്ങുമ്പോള്‍ ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മല്‍സരം കഴിയുന്നത് വരെ ചങ്കിടിപ്പാണ്. ഈ ലോകകപ്പില്‍ കിരീടമുയര്‍ത്തുമെന്ന ഫുട്‌ബോള്‍ നിരീക്ഷകരുടെ സാധ്യതാപട്ടികയില്‍ ഉള്ള ടീമുകളില്‍ ഇടം പിടിച്ചതാണ് അര്‍ജന്റീനയും ഫ്രാന്‍സും. ഗ്രൂപ്പ് ഘട്ടത്തെക്കാള്‍ പോരാട്ടം മുറുകുന്ന പ്രീക്വാര്‍ട്ടറില്‍ ജയപരാജയം ആരുടെ ഭാഗത്താണെന്നുള്ളതും പ്രവചനാതീതം. കഴിഞ്ഞ ലോകകപ്പില്‍ കപ്പിനും ചുണ്ടിനും ഇടയ്ക്ക് വച്ച് നഷ്ടമായ കിരീടം തിരിച്ചുപിടിക്കാന്‍ സാംപോളിപ്പട ഇന്ന് കളത്തിലിറങ്ങുമ്പോള്‍ 12 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു കിരീടം സ്വന്തമാക്കാനുറച്ചാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ ഫ്രഞ്ച് പട ഇന്ന് ബൂട്ടുകെട്ടുന്നത്. മുമ്പ് 1998ലാണ് ടീം ഏക കിരീടം ചൂടിയത്. പിന്നീട് 2006ല്‍ നേടിയ രണ്ടാം സ്ഥാനമാണ് ഫ്രഞ്ച് ടീമിന്റെ പേരില്‍ കുറിക്കപ്പെട്ടത്്. അതേസമയം, പ്രഥമ ലോകകപ്പില്‍ റണ്ണേഴ്‌സ് അപ് കിരീടം ചൂടി ലോകകപ്പ് ഭംഗിയാക്കിയ അര്‍ജന്റീന പിന്നീട് 1978ലും 1986ലുമാണ് ലോകകപ്പിന്റെ കിരീടത്തില്‍ മുത്തമിട്ടത്്. 1990ലും ടീം റണ്ണേഴ്‌സ് അപ് കീരീടം ചൂടിയിട്ടുണ്ട്്.
ഗ്രൂപ്പ് സിയില്‍ മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും വഴങ്ങി ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഫ്രാന്‍സ് കലാശക്കളിക്കിറങ്ങുന്നത്. ആദ്യ മല്‍സരത്തില്‍ ആസ്‌ത്രേലിയക്കെതിരേ 2-1ന്റെ ജയത്തോടെ ടൂര്‍ണമെന്റ് ആരംഭിച്ച ഫ്രഞ്ച് പട രണ്ടാം മല്‍സരത്തില്‍ പെറുവിനെതിരേ കഷ്ടിച്ച് 1-0ന്റെ ജയവും സ്വന്തമാക്കിയതോടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു. ഒടുവിലത്തെ മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനോട് ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ രഹിത സമനില വഴങ്ങിയാണ് ടീം ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. എന്നാല്‍ ഗ്രൂപ്പ് ഡിയില്‍ അപ്രതീക്ഷിതമായി സമനിലയും തോല്‍വിയും വഴങ്ങിയാണ് മുന്‍ ലോകകപ്പ് ചാംപ്യന്‍മാരായ അര്‍ജന്റീന ക്വാര്‍ട്ടര്‍ ലക്ഷ്യം വച്ചിറങ്ങുന്നത്. ആദ്യ മല്‍സരത്തില്‍ ഐസ്‌ലന്‍ഡിനെതിരേ 1-1ന്റെ സമനില വഴങ്ങിയ മെസ്സിപ്പട രണ്ടാം മല്‍സരത്തില്‍ ക്രൊയേഷ്യയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നാണം കെട്ടു. എന്നാല്‍ അവസാന മല്‍സരത്തില്‍ നൈജീരിയക്കെതിരേ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഇവര്‍ 2-1ന്റെ ആവേശജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടര്‍ കടമ്പ കടന്നത്. കളിക്കളത്തിലെ ആരവം യുവതാരം പോള്‍ പോഗ്ബയുടെയും അത്‌ലറ്റികോ മാഡ്രിഡ് സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാന്റെയും ചെല്‍സി താരം ഒളിവര്‍ ജിറൗഡിന്റെയും ആക്രമണ മുനകളാല്‍ ഗോളുകള്‍ വാരിക്കൂട്ടാനാണ് ഫ്രഞ്ച് കോച്ച്  ദിദിയര്‍ ദെഷാംപ്‌സ് തന്ത്രം മെനയുന്നത്.  ഗ്രൂപ്പില്‍ ഫ്രാന്‍സ് ലോകോത്തര ടീമുമായി വെല്ലുവിളി നടത്തിയിട്ടില്ലെങ്കിലും അതിനുള്ള അവസരമാണ് നിലവില്‍ വന്നുചേര്‍ന്നിരിക്കുന്നത്. പ്രീക്വാര്‍ട്ടര്‍ പോരാട്ടം മുന്നില്‍ കണ്ട് ഡെന്‍മാര്‍ക്കിനെതിരായ അവസാന മല്‍സരത്തില്‍ മികച്ച താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഫ്രഞ്ച് പട ഇറങ്ങിയത്.
എന്നാല്‍ ഗ്രൂപ്പ് ഡിയില്‍ തുടക്കം പാളിയ അര്‍ജന്റീനക്ക് അവസാന മല്‍സരത്തിലെ ജയമാണ് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നല്‍കിയത്. ജയത്തോടെ ഇവര്‍ ജര്‍മനിയുടെ സമാന വിധി മറികടക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ കടുത്ത പോരാട്ടം ഇവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ കളിക്കാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കും. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍ വരെ കൊണ്ടെത്തിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സി ആ മികവ് ഈ ലോകകപ്പില്‍ പുറത്തെടുത്തിട്ടില്ല എന്നതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. നൈജീരിയക്കെതിരായ അവസാന മല്‍സരത്തില്‍ ടീമിന്റെ അക്കൗണ്ട് തുറന്ന് താരം ഫോമിലേക്ക് തിരിച്ചെത്തി എന്നാണ് ഫുട്‌ബോള്‍ ലോകം വിശ്വസിക്കുന്നത്. ടീം ഏറെ പ്രതീക്ഷയര്‍പ്പിച്ച അഗ്യുറോയും എയ്ഞ്ചല്‍ ഡി മരിയയും ഹിഗ്വെയ്‌നുമൊക്കെ ക്ലബിലെ കളിക്കൊത്ത പ്രകടനം പുറത്തെടുക്കാത്തതും ടീമിന് ആശങ്ക ജനിപ്പിക്കുന്നുണ്ട്. മികച്ച പോരാട്ടം കണ്ട നൈജീരിയക്കെതിരായ മല്‍സരത്തിലെ ടീം ലൈനപ്പ് തന്നെയാണ് സാംപോളി ഇന്നും കളക്കിക്കളത്തിലിറക്കാന്‍ സാധ്യത.
Next Story

RELATED STORIES

Share it