World

കശ്മീര്‍: ഇന്ത്യക്കെതിരേ യുഎന്‍ മനുഷ്യാവകാശ മേധാവി

ജനീവ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎന്നിന്റെ മനുഷ്യാവകാശ കൗണ്‍സില്‍ പുതിയ ഹൈക്കമ്മീഷണറും ചിലിയുടെ മുന്‍ പ്രസിഡന്റുമായ മൈക്കലെ ബാച്‌ലറ്റ്. അധികാരത്തിലേറിയ ശേഷം കൗണ്‍സിലിന്റെ 39ാമതു സെഷനെ അഭിസംബോധന ചെയ്യവേയാണ് കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള യുഎന്‍ റിപോര്‍ട്ട് ബാച്‌ലറ്റ് പരാമര്‍ശിച്ചത്. അതേസമയം സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായ സുപ്രിംകോടതി വിധിയെ അവര്‍ സ്വാഗതം ചെയ്തു.ലോകത്തെ മറ്റു ജനങ്ങള്‍ക്കുള്ള അവകാശവും നീതിയും അന്തസ്സും കശ്മീരിലെ ജനങ്ങള്‍ക്കുമുണ്ടെന്നും അവരെ ബഹുമാനിക്കണമെന്നു ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുന്നതായും ബാച്‌ലറ്റ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ നിയന്ത്രണരേഖ സംബന്ധിച്ചുള്ള സന്ദര്‍ശത്തിന് അനുമതിക്ക് ഇരുവിഭാഗത്തേക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ നിരീക്ഷണവും റിപോര്‍ട്ടിങും തുടരുമെന്നും അവര്‍ പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണത്തിനു മുന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസയ്ന്‍ മുന്‍കൈയെടുത്തിരുന്നു. അതേസമയം കശ്മീരിലെ മനുഷ്യാവകാശ ലംഘനം സംബന്ധിച്ച യുഎന്‍ റിപോര്‍ട്ടിനെതിരേ ഇന്ത്യ രംഗത്തെത്തിയിരുന്നു. റിപോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതും പക്ഷപാതപരമാണെന്നുമായിരുന്നു ആരോപിച്ചത്. യുഎന്നിനെതിരേ ശക്തമായ പ്രതിഷേധവും നടന്നിരുന്നു.അഭയാര്‍ഥി കുടുംബങ്ങളെ വിഭജിക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തെയും ബാച്‌ലറ്റ് വിമര്‍ശിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ക്കായി ആത്മാര്‍ഥമായി തിരച്ചിലും രക്ഷാപ്രവര്‍ത്തനും നടത്തണമെന്നു യൂറോപ് രാഷ്ട്രങ്ങളോട് ബാച്‌ലറ്റ് ആവശ്യപ്പെട്ടു. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ദേശീയ കോടതിയിലും അന്താരാഷ്ട്ര കോടതിയിലും സ്വതന്ത്ര വിചാരണ വേണമെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it