kannur local

കശുവണ്ടി വിലയില്‍ വര്‍ധന: കര്‍ഷകര്‍ ആഹ്ലാദത്തില്‍

ഇരിക്കൂര്‍: കശുവണ്ടിക്ക് വില കൂടിയതോടെ ജില്ലയിലെ മലയോര കര്‍ഷകരും  വ്യാപാരികളും ആഹ്ലാദത്തില്‍. മലഞ്ചരക്കുകളുടെ പ്രധാന കേന്ദ്രങ്ങളായ ഇരിക്കൂര്‍, ഇരിട്ടി, മട്ടന്നൂര്‍, ശ്രീകണ്ഠപുരം, കേളകം, പയ്യാവൂര്‍, എരവേശി, തളിപ്പറമ്പ്, ആലക്കോട്, നടുവില്‍, കുറ്റിയാട്ടൂര്‍ പ്രദേശങ്ങള്‍ ഉണര്‍ന്നു. ഇപ്പോള്‍ കശുവണ്ടിക്ക് കിലോ ഗ്രാമിന് 160 രൂപയാണ് വിപണി വില. കശുവണ്ടി കൃഷി കുറഞ്ഞതും വിപണിയിലെ ആവശ്യം കൂടിയതുമാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. കശുവണ്ടിയുടെ സീസണ്‍ തുടങ്ങിയതോടെ ഏറെ പ്രതീക്ഷയിലാണ് കര്‍ഷകര്‍. കാലാവസ്ഥ അനുകൂലമായതിനു പുറമെ റെക്കോഡ് വിലയും ലഭിക്കുന്നതാണ് ആശ്വാസമാവുന്നത്. കശുമാവ് ഉള്ളിടങ്ങളിലെല്ലാം മാവുകള്‍ നന്നായി പൂത്തുലഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലുണ്ടായ തണുപ്പുമൂലം ഈ വര്‍ഷം മാവുകളില്‍ വലിയ തോതിലുള്ള പൂക്കുലകളാണു വിരിഞ്ഞത്. വേനല്‍മഴ ലഭിച്ചാല്‍ ഉല്‍പാദനവും റെക്കോര്‍ഡ് കടക്കും. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് പ്രധാന വിളവെടുപ്പ്. ലോകത്തിലെ തന്നെ ഏറ്റവും ഗണുമേന്‍മയുള്ള കശുവണ്ടിയാണ് കണ്ണൂര്‍ ജില്ലയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം വന്‍തോതില്‍ വാഗ്ദാനമുള്ളതിനാല്‍ കയറ്റുമതി ഇനത്തില്‍ വിദേശനാണ്യം നേടിത്തരുന്നതിലും വലിയ പങ്കാണ് കശുവണ്ടിക്കുള്ളത്. 1992ന് ശേഷം കശുവണ്ടി വില ഗണ്യമായി ഇടിഞ്ഞതോടെ കശുമാവ് വെട്ടിനീക്കി മറ്റു കൃഷിയിലേക്ക് തിരിയുകയായിരുന്നു കര്‍ഷകര്‍. ഫാക്ടറി ഉടമകളുമായി ചേര്‍ന്ന് ഗുണമേന്മ കുറഞ്ഞ ആഫ്രിക്കന്‍ കശുവണ്ടി വന്‍തോതില്‍ അധികൃതര്‍ ഇറക്കുമതി ചെയ്തതും സംസ്ഥാനത്തെ കശുവണ്ടി കര്‍ഷകരുടെ നടുവൊടിച്ചു. ഏറെ കയറ്റുമതി സാധ്യതയുള്ളതും മൂന്നാംവര്‍ഷം മുതല്‍ കര്‍ഷകന് ആദായം ലഭിക്കുന്നതുമായ കശുമാവ് കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് സംസ്ഥാനത്ത് കശുമാവ് കൃഷി കുറഞ്ഞുവരാന്‍ കാരണം. വരുംദിവസങ്ങളില്‍ വിലയില്‍ വന്‍തോതില്‍ കുതിപ്പുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണു വ്യാപാരികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it