Flash News

കശുമാവ് കൃഷി : കേരളത്തിന് തിരിച്ചടി



സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: രാജ്യത്തെ ആഭ്യന്തര കശുവണ്ടി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി ആന്ധ്രയില്‍ കശുമാവ് കൃഷി നടത്താനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സഹകരണസംഘം രൂപീകരിച്ച് മാത്രമേ കശുമാവ് കൃഷിക്ക്് അനുമതി നല്‍കുകയുള്ളൂവെന്ന ആന്ധ്ര സര്‍ക്കാരിന്റെ നിലപാടാണ് പദ്ധതിക്ക് തിരിച്ചടിയായിരിക്കുന്നത്. കേരളത്തിലെ കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തോട്ടണ്ടിക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കശുമാവ് കൃഷിക്കായി ആന്ധ്രപ്രദേശ് സര്‍ക്കാരിനോട് 50,000 ഹെക്ടര്‍ ഭൂമി പാട്ടത്തിനു നല്‍കാനാണ് കഴിഞ്ഞ സപ്തംബറില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആന്ധ്രയിലെത്തി അവിടത്തെ കൃഷിമന്ത്രി പ്രതിപതി പുല്ല റാവുവുമായി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. ചര്‍ച്ചയില്‍ അനുകൂല നിലപാട് വ്യക്തമാക്കിയിരുന്ന കൃഷിമന്ത്രി മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം ഭാഗങ്ങളിലാണ് കേരള സര്‍ക്കാര്‍ ഭൂമി ആവശ്യപ്പെട്ടിരുന്നത്. കേരള സ്റ്റേറ്റ് ഏജന്‍സി ഫോര്‍ കാഷ്യൂ കള്‍ട്ടിവേഷന്റെ ചുമതലയില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് 700 കോടി രൂപയുടെ പദ്ധതിയാണ് കേരളം വിഭാവനം ചെയ്തിരുന്നത്.ഇതിനായി ഡല്‍ഹിയില്‍ ദേശീയ ഹോര്‍ട്ടി കോര്‍പ് മിഷന്‍ അധികൃതരുമായും മന്ത്രി ചര്‍ച്ച നടത്തുകയും 200 കോടി രൂപയുടെ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കോ-ഓപറേറ്റീവ് സൊസൈറ്റി രൂപീകരിച്ചുള്ള കൃഷിക്ക് മാത്രമേ അനുമതി നല്‍കാനാകൂവെന്ന് കാണിച്ചുള്ള ആന്ധ്ര സര്‍ക്കാരിന്റെ കത്ത് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. ഇത് പ്രായോഗികമല്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പാട്ടത്തിന് ഭൂമി ലഭിച്ചാല്‍ മാത്രമേ പദ്ധതി നടക്കുകയുള്ളൂ. കോ-ഓപറേറ്റീവ് സൊസൈറ്റി രൂപീകരിച്ച് കൃഷി നടത്തുമ്പോള്‍ അതിന്റെ പൂര്‍ണ അവകാശം ആന്ധ്ര സര്‍ക്കാരിനാവുമെന്ന വിലയിരുത്തലാണ് കേരള സര്‍ക്കാരിനെ പദ്ധതിയില്‍ നിന്നു പിന്നോട്ടടിപ്പിക്കുന്നത്.അതേസമയം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു നേരിട്ട് കശുവണ്ടി ഇറക്കുമതി ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെയും വിദേശകാര്യ മന്ത്രിയുടെയും അനുമതി സംസ്ഥാന സര്‍ക്കാര്‍ തേടി. കഴിഞ്ഞ ദിവസം ഇതിന് അനുകൂല നിലപാടുമായി കേന്ദ്രത്തില്‍ നിന്നുള്ള കത്ത് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരുമായി മുഖ്യമന്ത്രി ഉടന്‍ തന്നെ ചര്‍ച്ച നടത്തും. സിയാല്‍ മാതൃകയില്‍ കേരളത്തില്‍ കാഷ്യൂ ബോര്‍ഡ് രൂപീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം.ഇതോടൊപ്പം കേരളത്തിന്റെ ആഭ്യന്തര കശുവണ്ടി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി 750 ഏക്കര്‍ വനഭൂമിയില്‍ കശുമാവ് കൃഷി നടത്താന്‍ കാഷ്യൂ വകുപ്പും വനംവകുപ്പും തമ്മില്‍ ധാരണയായി.
Next Story

RELATED STORIES

Share it