Flash News

കശാപ്പ് നിരോധന വിഷയത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു



തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധന വിഷയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തി കേരളം. കന്നുകാലി കശാപ്പിനുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക്  കത്തയച്ചു. ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ സംവിധാനത്തിനുമേലുള്ള ഈ കടന്നുകയറ്റം അനുവദിച്ചുകൂടാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധവും ജനാധിപത്യവിരുദ്ധവും മതനിരപേക്ഷ വിരുദ്ധവുമായ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. രാജ്യത്തിന്റെ ഫെഡറല്‍ ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യത്തിന്റെ തകര്‍ച്ചയ്ക്കും ഇത് ഇടയാക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് ആക്റ്റിന് കീഴില്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ തികച്ചും വിചിത്രമാണ്. നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ല. കേന്ദ്രനിയമത്തിനു കീഴില്‍ ഇപ്പോള്‍ പുതുതായി കൊണ്ടുവന്നിരിക്കുന്ന ചട്ടങ്ങള്‍ക്കു പിന്നില്‍ സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ സംവിധാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയെന്ന ഗൂഢലക്ഷ്യമാണുള്ളത്. ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അടിസ്ഥാനസ്വാതന്ത്ര്യത്തെ ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗത്തെയാണ്  ചട്ടങ്ങള്‍ ഗുരുതരമായി ബാധിക്കുക.  നിര്‍ദിഷ്ട ചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ സംസ്ഥാന നിയമനിര്‍മാണ സംവിധാനങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ അതത് സംസ്ഥാനങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നിയമനിര്‍മാണം നടത്താന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it