Editorial

കശാപ്പ് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍



കന്നുകാലികളെ കശാപ്പിനു വില്‍ക്കുന്നതും മതചടങ്ങുകള്‍ക്കായി ബലിയര്‍പ്പിക്കുന്നതും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു. കന്നുകാലികളെ കാര്‍ഷിക ആവശ്യങ്ങള്‍ക്കു മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. 'മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ ഭേദഗതി ഉത്തരവിലൂടെയാണ് നിരോധനം. പുതിയ വിജ്ഞാപനം അനുസരിച്ച് കാള, പശു, പോത്ത്, എരുമ, ഒട്ടകം തുടങ്ങി എല്ലാ ഇനം കാലികളും നിരോധന പട്ടികയില്‍ വരുന്നു. കാര്‍ഷിക ആവശ്യത്തിനുള്ള വില്‍പനയ്ക്കും കര്‍ശന നിബന്ധനകളാണ് ഏര്‍പെടുത്തിയിരിക്കുന്നത്. പശുക്കളെ കൈമാറേണ്ടത് ക്ഷീരകര്‍ഷകര്‍ക്കായിരിക്കണമെന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്കു മാത്രമേ അവയെ ഉപയോഗിക്കാവൂ എന്നുമാണ് വ്യവസ്ഥ. കന്നുകാലികളെ വിപണന കേന്ദ്രത്തില്‍ നിന്നു വാങ്ങുമ്പോള്‍ കശാപ്പു ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കണം. സംസ്ഥാനാന്തര വില്‍പനയും പാടില്ല. നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തുന്നുവെന്നു ജില്ലാ കലക്ടര്‍ അടങ്ങുന്ന മൂന്നംഗ സമിതി ഉറപ്പു വരുത്തണം. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ പോഷകമൂല്യമുള്ള ആഹാരം ലഭിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു എന്നതിനു പുറമേ ഭക്ഷണസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം കൂടിയാണിത്. കന്നുകാലികളെ അറുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍പരിധിയില്‍ പെടുന്ന വിഷയമാണ്. ആ നിലയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ നീക്കം രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനു നേരെയുള്ള കൈയേറ്റം കൂടിയാണ്. ഗോമാംസാഹാരം ഹൈന്ദവ-മുസ്‌ലിം പ്രശ്‌നമാക്കി അവതരിപ്പിക്കാനും മതപരമായ വേര്‍തിരിവിനും വേണ്ടി ഉപയോഗപ്പെടുത്താനാണ് സംഘപരിവാര കേന്ദ്രങ്ങളുടെ ആസൂത്രിത ശ്രമം. മുസ്‌ലിംകള്‍ മാത്രമല്ല, ക്രൈസ്തവരും ദലിതരും ഹൈന്ദവരിലെ പിന്നാക്ക സമുദായങ്ങളും മാംസം ഭക്ഷിക്കുന്നവരാണ്. രാജ്യത്തെ പതിനായിരക്കണക്കിനു വരുന്ന കര്‍ഷകര്‍ക്കും മാംസവിപണിക്കും കനത്ത തിരിച്ചടിയാണിത്. കറവ വറ്റിയതും പ്രായം ചെന്നതുമായ മൃഗങ്ങളെ വില്‍പന നടത്താന്‍ കഴിയാത്ത ദുരവസ്ഥയിലേക്കാണ് ക്ഷീരകര്‍ഷകരെ തള്ളിവിട്ടിരിക്കുന്നത്. കര്‍ഷകന്റെ ചുമലില്‍ വരുന്ന അധിക ബാധ്യത, തുകല്‍ വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തു കിട്ടാതിരിക്കല്‍ തുടങ്ങി ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കും. സാധാരണ കര്‍ഷകര്‍ കന്നുകാലി വളര്‍ത്തലില്‍ നിന്നു പിന്മാറുകയും ചെയ്യും. പാലുല്‍പന്നങ്ങളും കിട്ടാതാവും. ഫലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് കയറ്റുമതിക്കാരായ കോര്‍പറേറ്റുകള്‍ക്കാണ് ഗുണം ചെയ്യുക. ഇനി ഇറച്ചിവിപണി കോര്‍പറേറ്റുകളുടേതായിരിക്കും. കന്നുകാലികളെ വളര്‍ത്തി, കശാപ്പ് ചെയ്തു, പായ്ക്ക് ചെയ്തു വിപണിയില്‍ എത്തിക്കുമ്പോള്‍ കമ്പനികള്‍ പറയുന്ന വില കൊടുത്തു വാങ്ങാന്‍ നിര്‍ബന്ധിതരാവും. സംഘപരിവാരത്തിന്റെയും ബിജെപിയുടെയും മുഖ്യ ആവശ്യമായ, രാജ്യത്ത് വര്‍ഗീയ ചേരിതിരിവും മതസ്പര്‍ധയും ഉണ്ടാക്കുന്നതിനു മാത്രം ഉപകരിക്കുന്ന ഈ ഉത്തരവിനെതിരേ ദേശീയതലത്തില്‍ ശക്തമായ പ്രതികരണം ഉയരണം.
Next Story

RELATED STORIES

Share it