Flash News

കശാപ്പ് നിരോധനം: ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയില്‍ ഇടണമെന്ന് ആന്റണി ; മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു; ചില സമുദായങ്ങളോടുള്ള ആക്രമണോല്‍സുകത



തിരുവനന്തപുരം: കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണെന്നും അതിനാല്‍ തീരുമാനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം ദൂരവ്യാപക ഫലമുണ്ടാക്കുന്ന നടപടികള്‍ ജനാധിപത്യത്തിനു വലിയ ദോഷമുണ്ടാക്കുമെന്നും നടപടി റദ്ദാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്രം ഇറക്കിയ വിജ്ഞാപനപ്രകാരം, കന്നുകാലികളെ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാനാണെന്ന് രേഖാമൂലം തെളിവു നല്‍കിയാലേ ചന്തയില്‍ കാലികളെ വില്‍ക്കാനും വാങ്ങാനും കഴിയൂ.  ഇത് കാര്‍ഷികാവശ്യത്തിനും വീട്ടാവശ്യത്തിനും കന്നുകാലികളെ ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്. കര്‍ഷകരില്‍ തീരെ ചെറിയൊരു ശതമാനത്തിനു മാത്രമേ ഇത്തരം രേഖകള്‍ ഹാജരാക്കാന്‍ പറ്റുകയുള്ളൂ. രാജ്യത്തെ ദലിതര്‍ ഉള്‍പ്പെടെയുള്ള ദശലക്ഷക്കണക്കിനു പാവങ്ങള്‍ക്ക് മാംസത്തില്‍ നിന്നാണ് മുഖ്യമായും പ്രോട്ടീന്‍ ലഭിക്കുന്നത്. റമദാന്‍ വ്രതം ആരംഭിക്കുന്നതിന്റെ തലേന്ന് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത് ചില സമുദായങ്ങളോടുള്ള ആക്രമണമായേ കാണാന്‍ കഴിയൂ.  കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനു കടലാസ് വില പോലുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അഭിപ്രായപ്പെട്ടു. ഉത്തരവ് വലിച്ചുകീറി ചവറ്റുകുട്ടയില്‍ ഇടണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് ആര്‍എസ്എസ് അജണ്ടയാണ്. രാജ്യത്ത് ധ്രുവീകരണം ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നത്. സാമുദായിക ധ്രുവീകരണം നടത്താനുള്ള ബിജെപി സര്‍ക്കാരിന്റെ ഏറ്റവും അവസാനത്തെ ശ്രമമാണ് ഇപ്പോഴുള്ള കശാപ്പ് നിരോധനം. കന്നുകാലി കശാപ്പ് നിരോധന ഉത്തരവില്‍ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റുകള്‍ക്കു വേണ്ടി വിടുപണി ചെയ്തുകൊണ്ട് ഇന്ത്യയിലെ തൊഴില്‍ നിയമം പൊളിച്ചെഴുതാന്‍ തീരുമാനമെടുത്ത നിതി ആയോഗ് പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it