Flash News

കശാപ്പിന് കാലികളെ വില്‍ക്കാം

എന്‍പി  അനൂപ്
ന്യൂഡല്‍ഹി: പിന്‍വലിച്ച വിവാദ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനു പകരം പുതിയ നിയമത്തിന്റെ കരടു തയ്യാറായി. കശാപ്പിനായി കന്നുകാലികളെ ചന്തകളില്‍ വില്‍പന നടത്താന്‍ പാടില്ലെന്ന പഴയ വ്യവസ്ഥ ഒഴിവാക്കിയെന്നതാണ് മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ പ്രധാന മാറ്റം. എന്നാല്‍, രോഗമുള്ള മൃഗങ്ങളെയും കന്നുകാലിക്കുഞ്ഞുങ്ങളെയും വില്‍ക്കരുതെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഗര്‍ഭിണിയായ കാലികളെ ചന്തകളില്‍ വില്‍ക്കരുതെന്നും കരട് നിഷ്‌കര്‍ഷിക്കുന്നുണ്ട്.
പുതുക്കിയ വിജ്ഞാപനം ഇറങ്ങുമ്പോള്‍ കശാപ്പ് നിരോധനമുള്ള മൃഗങ്ങളുടെ പട്ടികയില്‍ നിന്നു പോത്തിനെ ഒഴിവാക്കുമെന്നായിരുന്നു സൂചന. എന്നാല്‍, ഇപ്പോള്‍ കശാപ്പ് എന്ന പ്രയോഗം തന്നെ ഒഴിവാക്കിയാണ് കരടു തയ്യാറാക്കിയത്. പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ കരട് നിയമമന്ത്രാലയത്തിന്റെ അനുമതിക്ക് സമര്‍പ്പിച്ചതായാണു വിവരം. നിയമമന്ത്രാലയം അംഗീകാരത്തിന് ശേഷം കരട് പരസ്യപ്പെടുത്തും. പൊതുജനങ്ങളില്‍ നിന്നും മൃഗാവകാശ പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായം കേട്ടശേഷമേ അന്തിമ വിജ്ഞാപനം പുറത്തിറക്കൂ.
പഴയ വിജ്ഞാപനത്തിലെ മാര്‍ക്കറ്റ് നിരീക്ഷണ സമിതിക്കു പകരം മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ ജില്ലാ മജിസ്‌ട്രേറ്റ്, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് പ്രതിനിധി, എസ്പി എന്നിവരടങ്ങുന്ന പ്രാദേശികതല കമ്മിറ്റികളാണ് കരടു നിര്‍ദേശിക്കുന്നത്. എല്ലാ കാലിച്ചന്തകളിലും മൃഗങ്ങളെ വില്‍ക്കുന്നതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണം. കാലികളെ വാങ്ങുന്നവര്‍ എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു.
'മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ നിയമം 2017' എന്ന പേരില്‍ കഴിഞ്ഞ മെയ് 23നാണ് പശു, കാള, പോത്ത്, എരുമ, പശുക്കുട്ടി, കാളക്കുട്ടി, ഒട്ടകം തുടങ്ങിയവയെ കശാപ്പിനായി വില്‍ക്കുന്നതും വിശ്വാസത്തിന്റെ ഭാഗമായി ബലിയറുക്കുന്നതും നിരോധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്.
എന്നാല്‍, ഇതിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും പിന്നീട് സുപ്രിംകോടതി സ്‌റ്റേ രാജ്യവ്യാപകമായി നീട്ടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിയമം ഭേദഗതി ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കേരളം, പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും വിവിധ സന്നദ്ധ സംഘടനകളുമായിരുന്നു കോടതിയില്‍ വിജ്ഞാപനത്തിനെതിരേ ഹരജി നല്‍കിയിരുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നിലപാടിനെതിരേ രംഗത്തെത്തിയിരുന്നു.
കശാപ്പിനായി ചന്തയില്‍ വില്‍ക്കാന്‍ കഴിയില്ലെന്നു വന്നതോടെ കന്നുകാലികളുടെ വിലയിടിഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. രാജ്യത്തെ കന്നുകാലി വ്യവസായത്തെയും ഇതു ദോഷകരമായി ബാധിച്ചു. ഗോസംരക്ഷണത്തിന്റെ പേരിലുള്ള ഗുണ്ടാവിളയാട്ടം വര്‍ധിക്കാനും സര്‍ക്കാര്‍ നിലപാട് കാരണമായി.
Next Story

RELATED STORIES

Share it