palakkad local

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ മഴ ; ജില്ലയിലെ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് വര്‍ധിച്ചു



പാലക്കാട്: കാലവര്‍ഷം കനത്തപ്പോള്‍ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് വര്‍ധിച്ചു. 226 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള മലമ്പുഴയില്‍ നിലവിലുള്ളത് 25.83 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. മഴ പെയ്യാത്ത കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ കൂടുതല്‍ മഴ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേദിവസം 24.21 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണുണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 163.3 മില്ലീമീറ്റര്‍ മഴ അണക്കെട്ട് പരിസരത്ത് ലഭിച്ചു. വെള്ളിയാഴ്ച 20.857 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണുണ്ടായിരുന്നത്. അഞ്ചു ദിവസത്തിനിടെ 4.973 ദശലക്ഷം ഘനമീറ്ററാണ് ഒഴുകിയെത്തിയത്. വൃഷ്ടിപ്രദേശത്ത് ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ട്. മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു. പോത്തുണ്ടി അണക്കെട്ടില്‍ പരമാവധിശേഷി 50.914 ദശലക്ഷം ഘനമീറ്ററാണ്. ഇപ്പോഴുള്ളത് 5.381ദശലക്ഷം ഘനമീറ്റര്‍. കഴിഞ്ഞ വര്‍ഷവും ഇതേ കാലയളവില്‍ വെള്ളത്തിന്റെ അളവ് ഇതുതന്നെയായിരുന്നു.  മംഗലം അണക്കെട്ടില്‍ 25.494 ദശലക്ഷം ഘനമീറ്ററാണ് പരമാവധി ശേഷി. ചൊവ്വാഴ്ച അണക്കെട്ട് പരിസരത്ത് പെയ്തത് 107 മില്ലീമീറ്റര്‍ മഴയാണ്. 18.40 ദശലക്ഷം ഘനമീറ്റര്‍ പരമാവധി ശേഷിയുള്ള വാളയാറില്‍ നിലവിലുള്ളത് 3.022  ദശലക്ഷം ഘനമീറ്ററാണ്.  33 മില്ലീമീറ്റര്‍ മഴയാണ് ചൊവ്വാഴ്ച അണക്കെട്ട് പരിസരത്ത് ലഭിച്ചത്. 13.70 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള ചുള്ളിയാര്‍ അണക്കെട്ടിലുള്ളത് 0.0941 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്.11.33 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള മീങ്കരയിലുള്ളത് 1.475 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രം. കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പൂര്‍ണതോതില്‍ സംഭരണം തുടങ്ങിയിട്ടില്ല. കാഞ്ഞിരപ്പുഴ, കാരാകുറുശി, തച്ചമ്പാറ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം നിലവില്‍ അണക്കെട്ടില്‍നിന്ന് കൊടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it