palakkad local

കള, വരി നിയന്ത്രണ ശില്‍പശാല സംഘടിപ്പിച്ചു

ആലത്തൂര്‍: നെല്‍ കര്‍ഷകര്‍ക്ക് തലവേദനയായ കളയും വരിനെല്ലും നിയന്ത്രിക്കാന്‍ പ്രായോഗിക നിര്‍ദേശങ്ങളുമായി ആലത്തൂരില്‍ കള, വരി നിയന്ത്രണ ശില്‍പശാല സംഘടിപ്പിച്ചു.
കൊയ്ത്ത് കഴിഞ്ഞ് ആദ്യ മഴ ലഭിക്കുമ്പോള്‍ തന്നെ പാടം ഉഴുത് മറിച്ച് കള, വരി വിത്തുകള്‍ മുളച്ചുപൊന്താന്‍ അനുവദിക്കണം. രണ്ടാഴ്ച കഴിഞ്ഞ് മുളച്ച കളയും വരിയും ഉഴുത് നശിപ്പിക്കണം. വരി, കള ശല്യം കൂടുതലായുണ്ടെങ്കില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കണം. വരിശല്യം കൂടുതലുള്ള പാടശേഖരത്തില്‍ നിന്ന് വിത്ത് ശേഖരിക്കാതിരിക്കുക. കലര്‍പ്പില്ലെന്ന് ഉറപ്പുള്ള വിത്ത് മാത്രം ഉപയോഗിക്കുക. നടീലും ചേറ്റു വിതയുമാണ് ഉത്തമം. പൊടി വിത വരി കിളിര്‍ക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഒഴിവാക്കുക. വിതച്ച് മൂന്നുമുതല്‍ അഞ്ചുദിവത്തിനകം ഗോള്‍ എന്ന കളനാശിനി ഏക്കറിന് 170 മില്ലിഗ്രാം 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുന്നത് ഫലപ്രദമാണെന്നും ശില്‍പശാലയില്‍ പങ്കെടുത്ത വിദഗ്ധര്‍ ഓര്‍മപ്പെടുത്തി. 100 ലിറ്റര്‍ വെള്ളം എന്ന കണക്ക് കൃത്യമായി പാലിക്കണം. സ്‌പ്രേയറില്‍ ഫ്‌ളഡ് ജെറ്റ് നോസില്‍ (വെട്ട് നോസില്‍) ഉപയോഗിക്കണം.
വരിനെല്ല് കതിരിടുന്നതിനു മുമ്പായി വിക്ക് വൈപ്പ് ആപ്ലിക്കേറ്റര്‍ എന്ന പ്രത്യേക തരം സ്‌പ്രേയര്‍ ഉപയോഗിച്ച് അവയെ നശിപ്പിക്കാന്‍ കഴിയും.  കൃഷി ഭവനുമായി ബന്ധപ്പെട്ട് സംശയ നിവാരണം നടത്തുക, കളനാശിനി കച്ചവടക്കാരുടെയോ മറ്റ് കര്‍ഷകരുടെയോ ആധികാരികമല്ലാത്ത ഉപദേശം സ്വീകരിക്കാതിരിക്കുക, ആലത്തൂര്‍  നിയോജക മണ്ഡലം സമഗ്ര കാര്‍ഷിക വികസന പദ്ധതി ‘നിറ’ യുടെ ഭാഗമായിരുന്നു ശില്‍പശാല. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാല റിട്ട. ഡീന്‍ ഡോ.സി ടി എബ്രഹാം ക്ലാസെടുത്തു. എം എ നാസര്‍ അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി പ്രകാശ്, പ്രിയ, വനജ, കൃഷി ഓഫിസര്‍ എം വി രശ്മി സംസാരിച്ചു.
Next Story

RELATED STORIES

Share it