Flash News

കള്ളപ്പണം വെളുപ്പിക്കല്‍: കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ റെയ്ഡ്

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസുമായി ചേര്‍ന്നു കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ചെന്നൈയിലെയും ഡല്‍ഹിയിലെയും വീടുകളിലും ഓഫിസുകളിലുമാണ് റെയ്‌ഡെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വ്യാഴാഴ്ച ഇഡി മുഖേന ഹാജരാവണമെന്നാവശ്യപ്പെട്ടു കാര്‍ത്തിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കാര്‍ത്തി ഹാജരായിരുന്നില്ല. ഇതിനു പിന്നാലെയാണ് റെയ്ഡ്. 16ന് വീണ്ടും ഹാജരാവാന്‍ കാര്‍ത്തിയോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു കാര്‍ത്തി ചിദംബരവുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ഡിസംബറില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പി ചിദംബരം 2006ല്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തിയെന്നാണ് കേസ്. അതേസമയം, റെയ്ഡിനെതിരേ വിമര്‍ശനവുമായി പി ചിദംബരം രംഗത്തെത്തി.
ഇത്തരമൊരു പരിശോധനയ്ക്ക്് എന്‍ഫോഴ്‌സ്‌മെന്റിന് യാതൊരു അധികാരവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ടു സിബിഐയോ മറ്റ് ഏതെങ്കിലും ഏജന്‍സിയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ചിദംബരം പറഞ്ഞു.
ചെന്നൈയിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ഡല്‍ഹിയിലെ വസതിയില്‍ പരിശോധന നടത്തിയത് പരിഹാസ്യമാണ്. കാര്‍ത്തി ഡല്‍ഹിയിലാണ് താമസിക്കുന്നതെന്നു തെറ്റദ്ധരിച്ചാണ് ഇവിടെ റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ചിദംബരം പറഞ്ഞു.
Next Story

RELATED STORIES

Share it