കള്ളനോട്ട് കേസ് രണ്ടുപേര്‍ കൂടി പിടിയില്‍

കട്ടപ്പന: കൊല്ലം മുളങ്കാടകത്തു നിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
കട്ടപ്പന കിഴക്കേ മാട്ടുക്കട്ട പൂവത്തുംമൂട്ടില്‍ ബിനു (48), കല്‍ത്തൊട്ടി തെക്കേപ്പറമ്പില്‍ സണ്ണി (42) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളും അണക്കരയില്‍ നിന്നു പിടിയിലായ രവീന്ദ്രനും ചേര്‍ന്ന് 2013ല്‍ കള്ളനോട്ട് അടിച്ചിരുന്നു. എന്നാല്‍ നോട്ട് നിര്‍മാണത്തില്‍ അപാകതയുണ്ടായി. തുടര്‍ന്ന് ഇവര്‍ വാങ്ങിയ യന്ത്രം പ്രതിയായ ലിയോയ്ക്കു വിറ്റു. ഇവര്‍ക്ക് യന്ത്രം നിര്‍മിച്ചതിനു മുടക്കായ അഞ്ചുലക്ഷം രൂപ കൊടുക്കാമെന്ന കരാറിലാണു യന്ത്രം കൈമാറിയത്. ലിയോയും രവീന്ദ്രനും തുടര്‍ന്ന് യന്ത്രത്തിന് കൂടുതല്‍ സാങ്കേതിക മികവ് നല്‍കി കൊല്ലത്തെ ആഡംബര വീട്ടില്‍ നോട്ടടിക്കുകയായിരുന്നു. ആദ്യം അടിച്ച 2.19 ലക്ഷം വിതരണം ചെയ്യുന്നതിനായി എത്തിയപ്പോഴാണു ഞായറാഴ്ച വൈകീട്ട് അണക്കരയില്‍ നിന്ന് മൂന്നു പേര്‍ പിടിയിലാവുന്നത്. ഇവരെ ചോദ്യം ചെയ്ത തില്‍ നിന്നു ചൊവ്വാഴ്ച കൊല്ലത്ത് നടത്തിയ പരിശോധനയില്‍ ആണ് സീരിയല്‍ നടി സൂര്യ ശശികുമാറും അമ്മയും സഹോദരിയും പിടിയിലായത്.  അറസ്റ്റിലായ മൂവരും ആഡംബര ജീവിതം നയിക്കുന്നതിനായി പണം ധൂര്‍ത്തടിക്കുകയും അവസാനം കടം കയറിയപ്പോള്‍ താമസിച്ചിരുന്ന വീടു തന്നെ മറ്റാരും അറിയാതെ വില്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ നഷ്ടം പരിഹരിക്കുന്നതിനാണു കള്ളനോട്ടടി തുടങ്ങിയത്.
സീരിയല്‍, സിനിമാ രംഗത്ത് പൂജകള്‍ നടത്തുന്ന ബിജുവെന്ന ആളാണ് ഇവരെയും കേസില്‍ ആദ്യം അറസ്റ്റിലായ മൂവര്‍ സംഘത്തെയും ബന്ധിപ്പിക്കുന്നത്. മുമ്പ് കള്ളനോട്ട് കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണു സംഘത്തിലെ രണ്ടു പേര്‍ വീണ്ടും ഈ പണിയില്‍ ഏര്‍പ്പെടുന്നത്. ഇതിനായി സീരിയല്‍ നടിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. ബിജുവിനെയും പോലിസ് അന്വേഷിച്ചു വരുന്നതായാണു വിവരം.
Next Story

RELATED STORIES

Share it