World

കള്ളക്കടത്ത്; 205 പേര്‍ക്കെതിരേ ലിബിയയുടെ അറസ്റ്റ് വാറന്റ്

ട്രിപ്പോളി: ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കള്ളക്കടത്തു മാഫിയക്കെതിരേ നടപടിയുമായി ലിബിയ. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ അഭയാര്‍ഥികളെ നിര്‍ബന്ധിച്ച് കള്ളക്കടത്തിനായി ഉപയോഗിച്ചതിനാണ് 205 പേര്‍ക്കെതിരേ  അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
മനുഷ്യക്കടത്ത്, പീഡനം, കൊലപാതകം, ബലാല്‍സംഗം എന്നിവയാണ് ഉന്നതര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍. ലിബിയയിലെ തീരസുരക്ഷാ വിഭാഗ ഉദ്യോഗസ്ഥര്‍, കുടിയേറ്റ വകുപ്പുമായി ബന്ധപ്പെട്ടവര്‍, ലിബിയയില്‍ പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം കുറ്റക്കാരാണ്. ഉപസഹാറന്‍ രാജ്യങ്ങളായ അല്‍ജീരിയ, മൊറോക്കോ, മാലി, നിഗര്‍, മൗറിത്താനിയ, ചാഡ്, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് ലിബിയയെയാണ്. ഈയവസരം മുതലെടുത്താണ് കള്ളക്കടത്ത് വ്യവസായത്തിന് ഇത്തരം മാഫിയകള്‍ മുതിരുന്നത്. കൂടാതെ, നിരവധി കുടിയേറ്റ വകുപ്പ് മേധാവികള്‍ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണത്തിലാണെന്നും ഡയറക്ടര്‍ ഓഫ് അറ്റോര്‍ണി ജനറലിന്റെ ഓഫിസ് അറിയിച്ചു.
ഖദ്ദാഫി യുഗത്തിനു ശേഷം ജനാധിപത്യം ലിബിയയില്‍ വന്നെങ്കിലും ചില സായുധ ഗ്രൂപ്പുകളും സ്വയംഭരണാധികാരം ആവശ്യപ്പെടുന്ന ചില ഗോത്രസംഘങ്ങളുടെയും ഇടപെടലാണ് ഇത്തരം നീക്കങ്ങള്‍ക്കു പിറകിലെന്നാണ് അറിയുന്നത്. ഇറ്റലിയും ലിബിയയും സംയുക്തമായി മെഡിറ്ററേനിയന്‍ കടലില്‍ നടത്തുന്ന പരിശോധനകളിലാണ് ഇത്തരം നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്.
Next Story

RELATED STORIES

Share it