കളങ്കിതര്‍ നേതൃസ്ഥാനമൊഴിയണം: ദക്ഷിണ കേരള മുജാഹിദ് ബഹുജന സംഗമം

കായംകുളം: ആദര്‍ശ വിശുദ്ധി, നവോത്ഥാന മുന്നേറ്റം എന്ന പ്രമേയത്തില്‍ ദക്ഷിണ കേരള മുജാഹിദ് ബഹുജന സംഗമം കായംകുളത്ത് നടന്നു. സാമ്പത്തിക ചൂഷണത്തിന്റെ പേരില്‍ കളങ്കിതരായവര്‍ ആദര്‍ശ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനങ്ങളൊഴിയണമെന്ന് മുജാഹിദ് ബഹുജന സംഗമം ആവശ്യപ്പെട്ടു. ഇത്തരം വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ ഒരിക്കലും കൂട്ട് നില്‍ക്കരുത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഫലമായി കേരളീയ സമൂഹത്തില്‍ നിന്നും വിപാടനം ചെയ്യപ്പെട്ട കൂടോത്ര വിശ്വാസം, ജിന്നു ബാധ തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ തന്നെ തിരികെ കൊണ്ടുവരുവാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമം ശക്തമായി ചെറുക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
ഇസ്‌ലാം ആലോചനയുടെയും ചിന്തയുടെയും മതമാണ്. ഖുര്‍ ആനില്‍ എവിടെയും അന്ധവിശ്വാസങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു വചനം പോലുമില്ല. അസ്വീകാര്യമായതും സ്വീകാര്യമായതുമായ കാര്യങ്ങള്‍ ഖുര്‍ ആനിലില്ല. എല്ലാം വിശ്വാസികള്‍ക്ക് സ്വീകാര്യമായതേയുള്ളൂ. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ സമരം ചെയ്ത ജനങ്ങളെ തീവ്രവാദമാരോപിച്ച്  തല്ലിച്ചതക്കുന്ന പോലിസ് നടപടിയും അതിനു ഉത്തരവിടുന്ന സര്‍ക്കാര്‍ നിലപാടും അപലപനീയമാണ്. ഇത്തരം ജനകീയ സമരങ്ങള്‍ക്ക് ദേശവും മതവും നോക്കി തീവ്രവാദ മുദ്ര ചാര്‍ത്തുന്നതില്‍ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ കാണിക്കുന്ന അപക്വമായ നിലപാടുകള്‍ തിരുത്തപ്പെടണം. ഭരണഘടന ഒരോ മത വിശ്വാസിക്കും നല്‍കുന്ന പ്രബോധന സാതന്ത്ര്യത്തിന്റെ സംരക്ഷകരായിരിക്കണം സര്‍ക്കാരുകള്‍. ഒരിക്കലും അത് ഹനിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയോ ഒത്താശകള്‍ ചെയ്ത് കൊടുക്കുന്നവരോ ആകരുത്. വികലമായ മദ്യനയം തിരുത്താനുള്ള ആര്‍ജവം സര്‍ക്കാര്‍ കാട്ടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു, കെഎന്‍എം ദക്ഷിണ കേരള വൈസ് പ്രസിഡന്റ് വി എച്ച് അബദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
സലിം കരുനാഗപ്പള്ളി, വി മുഹമ്മദ് സുല്ലമി, നാസറുദ്ദീന്‍ ഫാറൂഖി, പി നസീര്‍, പി കെ എം ബഷീര്‍, സജീവ് ഖാന്‍ കൊട്ടിയം അബദുസ്സലാം മാരുതി, എന്‍ എസ് എം റഷീദ്, സിറാജ് മദനി, ഹസ്സന്‍കുഞ്ഞ് പ്രസീഡിയം നയിച്ചു. ഇബ്രാഹിം ബുസ്താനി, അലി മദനി മൊറയൂര്‍, സല്‍മ അന്‍വാരിയ്യ സംസാരിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it