malappuram local

കല കലാലയത്തിലെത്തുമ്പോള്‍ ഭരണകര്‍ത്താക്കള്‍ക്ക് അരസികഭാവം; പ്രതിഭകള്‍ക്ക് ഭക്ഷണംപോലുമില്ല മ

ഞ്ചേരി: പ്രതിഭകളുടെ പങ്കാളിത്തതില്‍ ചരിത്രമായെങ്കിലും നടത്തിപ്പില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി സോണ്‍ കലോല്‍സവത്തിന് സാമ്പത്തിക മാന്ദ്യം വെല്ലുവിളിയായി. സര്‍ക്കാരിന്റെ സാമ്പത്തിക സഹായമേതുമില്ലാതെ യൂനിവേഴ്‌സിറ്റി യൂനിയനാണ് മേള നടത്തുന്നത്. യൂനിവേഴ്‌സിറ്റിക്കു നല്‍കുന്ന നാലു ലക്ഷം രൂപയില്‍ കവിഞ്ഞ് സഹായങ്ങളേതുമില്ലാത്ത കലാമേള പുറത്തു നിന്നുള്ള സ്‌പോണ്‍സര്‍ഷിപ്പിലൂടെ മാത്രമാണ് നടന്നു വരുന്നത്. ഇതേ അവസ്ഥ തന്നെയാണ് മഞ്ചേരി എന്‍എസ്എസ് കോളജില്‍ സംഘടിപ്പിച്ച ‘ലാലി ഗാല-18’നും അഭിമുഖീകരിക്കേണ്ടി വന്നത്. അഞ്ചു ദിവസം നീണ്ട മേള ഭംഗിയായി പൂര്‍ത്തിയാക്കാന്‍ 15 ലക്ഷം രൂപയെങ്കിലും ആവശ്യമാണെന്ന് സംഘാടകര്‍ പറയുന്നു. ശബ്ദ് വെളിച്ച സംവിധാനങ്ങളൊരുക്കാനും മാത്രം പത്തു ലക്ഷത്തിലേറെ രൂപയാണ് ചെലവ്. 101 മല്‍സരയിനങ്ങള്‍ ഓരോന്നിനും മൂന്നു വീതം വിദഗ്ധരായ വിധികര്‍ത്താക്കള്‍ വേണമെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഇവര്‍ക്കുള്ള ചെലവ് മൂന്നു ലക്ഷം രൂപയോളമായി. അലങ്കാരങ്ങളും ഫയല്‍ പേപ്പറുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വേറെയും. രാപ്പകലില്ലാതെ മാസങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘാടക സമിതി യൂനിവേഴ്‌സിറ്റിയുടെ സഹായമടക്കം 12 ലക്ഷം രൂപ വരെ കണ്ടെത്തിയത്.സ്‌കൂള്‍ തല മേളകളെ മാത്രം സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ കോളജുകളിലെ പ്രതിഭകളോട് ചിറ്റമ്മ നയമാണെന്ന പരാതി കാലങ്ങളായുള്ളതാണ്. ഇത്തവണയും ഇതിനു മാറ്റം വന്നില്ല. സ്‌കൂള്‍ തലത്തില്‍ ഉപജില്ലാ കലോല്‍സവങ്ങള്‍ക്കു വരെ സര്‍ക്കാര്‍ സഹായം ലഭിക്കുമ്പോഴാണ് നടത്തിപ്പിനുള്ള തുകയ്ക്കായി കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുന്നത്. നോട്ടു നിരോധനവും ജിഎസ്ടിയും തീര്‍ത്ത സാമ്പത്തിക കുരുക്കില്‍ വ്യാപാര വ്യവസായ മേഖല തളര്‍ന്നിരിക്കുമ്പോള്‍ മുഖ്യ വേദിക്കു പോലും സ്‌പോ ണ്‍സര്‍മാരെ കണ്ടെത്താന്‍ സംഘാടകര്‍ക്കായില്ല.സി സോണ്‍ കലോല്‍സവത്തിനെത്തുന്ന പ്രതിഭകള്‍ക്ക് കലോല്‍സവ നഗരിയില്‍ ഭക്ഷണമില്ല. ഇതിനുള്ള ചെലവുകൂടി താങ്ങാനാവില്ലെന്നതുതന്നെ കാരണം. സംഘാടകര്‍ക്കും വോളന്റിയര്‍മാര്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും മാത്രമാണ് സംഘാടകര്‍ ഭക്ഷണം നല്‍കുന്നത്. കലാലയങ്ങളിലുള്ള പ്രതിഭകളെ മാറ്റി നിര്‍ത്താതെ മേളകള്‍ നടത്തുന്നതിന് സര്‍ക്കാറില്‍ നിന്നുള്ള ഇടപെടലുണ്ടാവണമെന്ന് ഈ കലോല്‍സവ നഗരിയും  പറയുന്നു. ബിരുദതലം മുതല്‍ കോളജുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഫീസിനത്തില്‍ സര്‍ക്കാരിനും വിഹിതമുണ്ടെന്ന വസ്തുത നിലനില്‍ക്കെ കല കലാലയങ്ങളിലെത്തുമ്പോള്‍ ഭരണകൂടങ്ങള്‍ അരസിക ഭാവം തിരുത്തണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it