കല്‍ബുര്‍ഗി: പ്രത്യേക അന്വേഷണസംഘം ഹരജിയില്‍ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രഫ. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും സുപ്രിംകോടതി നോട്ടീസ് അയച്ചു. കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി നല്‍കിയ റിട്ട് ഹരജിയിലാണു സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനും എന്‍ഐഎ, സിബിഐ, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചത്.
ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സുപ്രിംകോടതിയുടെ പ്രത്യേക ഭരണഘടനാധികാരം ഉപയോഗിച്ച് കര്‍ണാടക പോലിസിന്റെ പ്രത്യകേ സംഘം സുപ്രിംകോടതിയില്‍നിന്നോ ഹൈക്കോടതിയില്‍നിന്നോ വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഉമാദേവിയുടെ ഹരജിയില്‍ ആവശ്യപ്പെടുന്നത്. അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും തന്റെ ഭര്‍ത്താവിന്റെ കൊലയാളികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു പോവുമോ എന്ന ഭയമുണ്ടെന്നും അവര്‍ ഹരജിയില്‍ പറയുന്നു.
2015 ഫെബ്രുവരി 16നു മഹാരാഷ്ട്രയിലെ കോലാലംപൂരില്‍ കൊല്ലപ്പെട്ട ഗോവിന്ദ് പന്‍സാരെയുടെയും 2013 ആഗസ്ത് 20ന് പൂനെയില്‍ കൊല്ലപ്പെട്ട ഡോ. നരേന്ദ്ര ദബോല്‍ക്കറുടെയും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തിനു പിന്നിലുമുള്ളത്. ഇവര്‍ തന്നെയാണു 2009ല്‍ ഗോവയില്‍ സ്‌ഫോടനം നടത്തിയ ശേഷം രാജ്യം വിട്ടതെന്നും ഹരജിയില്‍ പറയുന്നു. 2015 ആഗസ്ത് 30നാണു വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമതിരേ കടുത്ത നിലപാടെടുത്തിരുന്ന എം എം കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചത്. ഇദ്ദേഹത്തിന് നേരെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ്ദള്‍ എന്നീ സംഘപരിവാര സംഘടനകളുടെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it