kozhikode local

കല്ലായി ഒഴിപ്പിക്കല്‍: കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യുമെന്ന് വ്യവസായികള്‍

കോഴിക്കോട്: കല്ലായി പുഴയോരത്ത് മരവ്യവസായം നടത്തുന്നവരുടെ ഭൂമിയില്‍ ജണ്ട കെട്ടിയത് സംബന്ധിച്ച് കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുമെന്ന് കല്ലായി ഇന്‍ഡ്രസ്ട്രിയല്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ഇസ്ഹാഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നൂറ്റാണ്ടുകളായി മരവ്യവസായം നടത്തുന്ന ഭൂമിയില്‍ ടൂറിസത്തിന്റെ പേരു പറഞ്ഞു സ്ഥലം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നതെന്നും ഇസ്ഹാഖ് ആരോപിച്ചു. കഴിഞ്ഞ ദിവസം കല്ലായിയില്‍ ജണ്ട കെട്ടല്‍ എന്ന പേരില്‍ നടത്തിയത് തങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ കൈയേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണ്.
ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഈ കേസില്‍ തല്‍സ്ഥിതി തുടരാനാണ് ഉത്തരാവായിട്ടുള്ളത്. പ്രസ്തുത കേസില്‍ വ്യവസായികളുടെ കൈവശമുള്ള രേഖകള്‍ക്കെതിരേ സത്യവാങ്മൂലംപോലും നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനു സാധിച്ചിട്ടില്ല. 46 വ്യവസായികള്‍ നല്‍കിയ ഹരജി ലാന്റ് റവന്യൂ കമ്മീഷണറുടെ പരിഗണനയിലിരിക്കെയാണ് ടൂറിസത്തിന്റെ പേരില്‍ മര വ്യവസായികളെ ഒഴിപ്പിക്കുന്നത്. ഇതിനെതിരേ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും വ്യവസായികള്‍ പറഞ്ഞു. 1850ല്‍ സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ച ഭൂമിയാണിത്. പുഴ കൈയേറിയ ഭൂമിയാണെന്ന് നിയമപരമായി സര്‍ക്കാര്‍ തെളിയിച്ചാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാണ്. ബലം പ്രയോഗിച്ച് ജണ്ടകെട്ടുന്നത് നീതിയല്ല. പൂഴകൈയ്യേറിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അതു ബോധ്യപ്പെടുത്തണം. അല്ലാതെ ബലമായി ജണ്ട കെട്ടി കൈയേറ്റക്കാരായി ചിത്രീകരിക്കുന്നതു ശരിയല്ല. ടൂറിസം പദ്ധതികളോട് വിയോജിപ്പില്ല. നൂറുക്കണക്കിനു തൊഴിലാളികളുടെ ജീവിതം വഴിയാധാരമാക്കരുത്.
സര്‍ക്കാര്‍ ഇതുവരെ തങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. വ്യാപാരകളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണം. വാര്‍ത്താ സമ്മേളനത്തില്‍ കല്ലായി ടിമ്പര്‍ ആന്റ് സോമില്‍ അസോസിയേഷന്‍ പ്രസിഡന്റ് ലക്ഷ്മണന്‍ വെങ്കിടാചലം, വ്യാപാരി വ്യവസായി സംസ്ഥാന കമ്മിറ്റി അംഗം സി വി ഇഖ്ബാല്‍, എ വി സുനില്‍നാഥ്, മുഹമ്മദ് മുസ്‌ലിം പങ്കെടുത്തു.

Next Story

RELATED STORIES

Share it