kozhikode local

കല്ലായിപ്പുഴ കൈയേറ്റം: ഗവ. പ്ലീഡറുടെ നിയമോപദേശം ഇനിയുമെത്തിയില്ല

കെ വി ഷാജി സമത
കോഴിക്കോട്: ജണ്ട കെട്ടുന്നത് സംബന്ധിച്ച ഗവ.പ്ലീഡറുടെ നിയമോപദേശം വൈകിപ്പിച്ച് കല്ലായിപ്പുഴ കൈയേറ്റം ഒഴിപ്പിക്കാനുള്ള ജില്ലാ കലക്ടറുടെ ശ്രമങ്ങളെ തടയിടാന്‍ ഒരുവിഭാഗം ശ്രമങ്ങളാരംഭിച്ചു. പതിറ്റാണ്ടുകളായി പുഴ കൈയേറി കെട്ടിടം നിര്‍മിച്ചവരും അവര്‍ക്ക് പിന്തുണ നല്‍കിയ ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബിയുമാണ് ഇതിനുവേണ്ടി അണിയറയില്‍ ശക്തമായ ചരടുവലി നടത്തുന്നത്. വിഷയത്തില്‍ നിയമപരമായ പഴുതുകള്‍ ഉണ്ടാക്കി കൈ യേറ്റം ഒഴിപ്പിക്കല്‍ നടപടി നീട്ടിക്കൊണ്ടു പോവുകയാണ് ലക്ഷ്യം.
കൈയേറ്റം ഒഴിപ്പിക്കുന്നതിനു മുന്നോടിയായി ജണ്ട കെട്ടുന്നതില്‍ നിയമതടസ്സങ്ങള്‍ ഉണ്ടോ എന്നവിഷയത്തിലാണ് ജില്ലാ കലകടര്‍ ഗവ. പ്ലീഡറോട് ഉപദേശം തേടിയത്. ജണ്ട കെട്ടാനെത്തിയ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തെ ഒരു വിഭാഗം തടയുകയും തങ്ങള്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടെന്ന്് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ജിപിയോട് ഉപദേശം ആരാഞ്ഞത്. നിലവിലെ സ്ഥിതി അനുസരിച്ച് ജണ്ട കെട്ടുന്നതില്‍ നിയമ തടസമില്ലെന്ന്്, വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസിലാക്കിയ ജിപി കലക്ടറെ അറിയിക്കുകയും ചെയ്തു. ആഴ്ചകള്‍ക്കു മുമ്പുതന്നെ ജിപി ബന്ധപ്പെട്ട ഫയലില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും ഇന്നലെ വരെ ഈ ഫയല്‍ കലക്ടറേറ്റില്‍ എത്തിയില്ല.
നിയമോപദേശം സംബന്ധിച്ച ഫയല്‍ കലക്ടറേറ്റില്‍ എത്താന്‍ വൈകുന്നതിനു പിന്നില്‍ കൈയേറ്റ- രാഷ്ട്രീയ ലോബിയാണെന്ന് വ്യക്തമാണ്. ഇതിനു മുമ്പും കൈയേറ്റം ഒഴിപ്പിക്കാനുള്ള ജില്ലാ കലക്ടറുടെ നീക്കങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായിട്ടുണ്ട്. കല്ലായിപ്പുഴയിലെ കൈയേറ്റം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മുമ്പ്് ചുമതല വഹിച്ചിരുന്ന പല കലക്ടര്‍മാരും ഇത്തരത്തില്‍ കല്ലായി പുഴയുടെ അതിര്‍ത്തി നിശ്ചയിച്ച് ഉറപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രായോഗികമാക്കാനായില്ല. കൈ യേറ്റ ലോബിയും രാഷ്ട്രീയ ഇടനിലക്കാരും ചേര്‍ന്ന് ഈ നീക്കങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു.
ഈ ഫയലുകള്‍ പഠിച്ചതിനു ശേഷമാണ് കലക്ടര്‍ യു വി ജോസ് കല്ലായിപുഴ സംബന്ധിച്ച് ശക്തമായ നിലപാട് സ്വീകരിച്ചത്്. ഇതോടെ കൈയേറ്റങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന ഉദ്യോഗസ്ഥ സംഘങ്ങള്‍ക്ക് നിവൃത്തിയില്ലാതായി. കൈയേ റ്റം നടന്ന ഭൂമിയുടെ സര്‍വേയും സ്‌കെച്ചും ഉള്‍പ്പെടെ കൃത്യമായ രേഖകളുമായാണ് ജില്ലാ കലക്ടര്‍ ജെണ്ട കെട്ടാന്‍ എത്തിയത്. ആ സമയത്താണ് ഹൈക്കോടതി ഉത്തരവ് ഉയര്‍ത്തിക്കാട്ടി കൈയേറ്റ ലോബി കലക്ടറെ തടഞ്ഞത്. കൈയേറ്റക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയുമായി ബന്ധപ്പെട്ട്് നാലോ അഞ്ചോ തവണ കോടതി വാദം കേള്‍ക്കാന്‍ തയ്യാറായെങ്കിലും സര്‍ക്കാറിനെ പ്രതിനിധികരിച്ച് കോടതിയില്‍ ആരും എത്തിയിരുന്നില്ലെന്നും ആരോപണമുണ്ട്.
ഈ ഹരജിയിലെ കോടതി ഉത്തരവ്, കലക്ടര്‍ ജെണ്ട കെട്ടാന്‍ എത്തുന്നതിനു മുമ്പു തന്നെ കലക്ടറേ റ്റില്‍ എത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അത്് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ല. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ ജെണ്ട കെട്ടാന്‍ എത്തുന്നതിനു മുമ്പുതന്നെ നിയമോപദേശം തേടി വ്യക്തതവരുത്തി അന്നുതന്നെ പ്രവൃത്തി നടത്താന്‍ സാധിക്കുമായിരുന്നു. ഇതു തടയാനാണ് കോടതി ഉത്തരവ് കലക്ടറില്‍ നിന്നു മറച്ചുവച്ചത്.
ഉദ്യോഗസ്ഥ- രാഷ്ട്രീയ ഇടനില സംഘങ്ങള്‍ തന്നെയാണ് അന്നും ഇക്കാര്യങ്ങള്‍ക്ക് ചരടുവലിച്ചിരുന്നത്. ഇത്തരത്തില്‍, നിയമപരമായ സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചും ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കാലതാമസം വരുത്തിയും നീട്ടികൊണ്ടു പോവാനും ആ സമയത്തിനുള്ളില്‍ രാഷ്ട്രീയമായി ഇടപെട്ട് കലക്ടറുടെ തീരുമാനം മയപ്പെടുത്തി എടുക്കാനുമാണ് അണിയറ സംഘാടകര്‍ ശ്രമിച്ചു വരുന്നത്. ഇതേ സമയം, ഗവ. പ്ലീഡറുടെ നിയമോപദേശം ഇനിയും വൈകുകയാണെങ്കില്‍, പ്രത്യേക ദൂതനെവിട്ട് ഫയല്‍ തന്റെ ഓഫിസില്‍ എത്തിക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ കലക്ടര്‍ എന്നറിയുന്നു. കോഴിക്കോട്ടെ പരിസ്ഥിതി പ്രവര്‍ത്തകരുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും ചില രാഷ്ടീയ പ്രവര്‍ത്തകരുടേയും പിന്തുണ ലഭിച്ച കല്ലായിപ്പുഴ നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പവാന്‍ തന്നെയാണ് ജില്ലാ കലക്ടറുടെ ഉറച്ച തീരുമാനം.
Next Story

RELATED STORIES

Share it