Flash News

കല്യാണം കഴിച്ചതാണോ സാര്‍ തെറ്റ് ?

കല്യാണം കഴിച്ചതാണോ സാര്‍ തെറ്റ് ?
X


രാജ്യം ആര് ഭരിക്കണമെന്ന തീരുമാനമെടുത്ത് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പോലും 18 വയസ് മതി ഇന്ത്യയില്‍. ആ വോട്ടെടുപ്പില്‍ മാതാപിതാക്കള്‍ പറയുന്നയാള്‍ക്ക് തന്നെ വോട്ട്  ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുവാനാകില്ല. വോട്ടു ചെയ്യുന്നത് ആര്‍ക്കാണെന്ന് മാതാപിതാക്കള്‍ക്ക് അറിയാന്‍ അവകാശമില്ല. മകനോ മകളോ വോട്ടു ചെയ്യുന്നത് ആര്‍ക്കെന്നറിയാന്‍ ഒളിഞ്ഞു നോക്കിയാല്‍പ്പോലും കുറ്റമാണ്.
പതിനെട്ടു വയസ്സുകഴിഞ്ഞ ഒരു പെണ്‍കുട്ടിക്ക് ഇത്രയും സുപ്രധാനമായൊരു തീരുമാനമെടുക്കാന്‍ പോലും അവകാശമുള്ളൊരു രാജ്യത്ത് വിവാഹം കഴിക്കണമെങ്കില്‍ രക്ഷിതാക്കളുടെ സാന്നിധ്യമുണ്ടാകണമെന്ന് ശഠിക്കുന്നതില്‍ എന്താണ് യുക്തിയുള്ളത് ? ഇസ്‌ലാം സ്വീകരിച്ച്  യുവതിയെ സ്വന്തം താല്‍പര്യത്തിനും ഇച്ഛയ്ക്കും വിരുദ്ധമായി മാതാപിതാക്കളോടൊപ്പം വിടുകയും യുവതിയുടെ വിവാഹം റദ്ദാക്കുകയും ചെയ്ത ഹൈക്കോടതി വിധി ഉയര്‍ത്തുന്ന പ്രധാനപ്പെട്ടൊരു ചോദ്യമാണിത്.
സാധാരണക്കാരുടെ യുക്തിക്ക് നിരക്കാത്ത ഇത്തരം കാര്യങ്ങള്‍ ഇനിയുമുണ്ട് ഹാദിയ കേസിലെ കോടതി നടപടിയില്‍. പ്രത്യേകിച്ചും വിവാഹജീവിതം സംബന്ധിച്ച് രാജ്യത്തെ നിയമങ്ങളുമായി ബന്ധപ്പെട്ട്.
രണ്ടു പേര്‍ തമ്മില്‍ ഇഷ്ടമാണെങ്കില്‍ ഒരുമിച്ച് ജീവിക്കുന്നതിന് വിവാഹത്തിന്റെയോ വിവാഹസര്‍ട്ടിഫിക്കറ്റിന്റെയോ ആവശ്യമില്ലാത്ത രാജ്യമാണിത്.
ഒരുമിച്ചു ജീവിക്കാന്‍ കല്യാണം കഴിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് നിയമമുള്ള രാജ്യത്ത് രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലായിരുന്നു എന്നു ചൂണ്ടിക്കാട്ടി വിവാഹം തന്നെ റദ്ദാക്കിയ കോടതി വിധി എന്താണ് ഉദ്ദേശിച്ചതെന്ന് വിധി വന്ന് മൂന്നു ദിവസത്തിന് ശേഷവും മനസിലാകാതെ പൊതുജനം ചോദിച്ചു പോവുകയാണ്-ഇവര്‍ വിവാഹം കഴിച്ചതാണോ തെറ്റ് ? അതോ ഇഷ്ടമുള്ള മതം സ്വീകരിച്ചതോ ?



Next Story

RELATED STORIES

Share it