Flash News

കലാലയങ്ങളില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: കാംപസ് ഫ്രണ്ട്

തിരുവനന്തപുരം: കലാലയങ്ങളില്‍ അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് ഹാദി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വിദ്യാര്‍ഥി അവകാശരേഖ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ സെക്രേട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങളെ നിലവാരത്തകര്‍ച്ചയിലേക്കെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് മാനേജ്‌മെന്റുകള്‍. സര്‍ഗാത്മകതയുടെ വിളനിലങ്ങളെ അനാവശ്യമായ ചട്ടക്കൂടുകളില്‍ തളച്ചിടുന്നതിലൂടെ പുരോഗമന ചിന്തയുടെ തലമുറകള്‍ തന്നെ അസ്തമിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുവശത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാന്‍ പണിയെടുക്കും എന്ന് പറയുന്നവര്‍ തന്നെ അതിനുവേണ്ടി കാര്യമായിട്ട് ഒന്നും ചെയ്യാത്ത സ്ഥിതിവിശേഷമാണുള്ളത്. കോട്ടയത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലീമും ആലപ്പുഴയില്‍ സംസ്ഥാന സെക്രട്ടറി ഷബാനാ ഷാജിയും പരിപാടി ഉദ്ഘാടനം ചെയ്തു. ആലപ്പുഴയില്‍ സംസ്ഥാനസമിതി അംഗം എസ് മുഹമ്മദ് റാഷിദ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളത്ത് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍, മലപ്പുറത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് രിഫ, കോഴിക്കോട് സംസ്ഥാന ഖജാഞ്ചി ഷെഫീഖ് കല്ലായിയും പാലക്കാട് ജില്ലാ പ്രസിഡന്റ് റാഷിദ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
Next Story

RELATED STORIES

Share it