kasaragod local

കലക്ടറേറ്റില്‍ ഇനിയും തീര്‍പ്പാകാതെ കിടക്കുന്നത് 33,339 ഫയലുകള്‍



കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റില്‍ തീര്‍പ്പാകാതെ കിടക്കുന്നത് 33,339 ഫയലുകളാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നിയമസഭയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ ഫയലുകള്‍ തീരുമാനമാകാതെ അനന്തമായി കിടക്കാന്‍ കാരണമെന്താണെന്നും തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ ഏതുവിഷയവുമായി ബന്ധപ്പെട്ടതാണെന്നുമുള്ള ചോദ്യമാണ് എംഎല്‍എ ഉന്നയിച്ചത്.റവന്യു റിക്കവറി നടപടികള്‍ സ്വീകരിച്ചുവരുന്നതും കോടതി കേസുകളുമായി ബന്ധപ്പെട്ടതും ഭൂമി സംബന്ധിച്ചതും തണ്ണീര്‍തടം, നെല്‍വയല്‍ നികത്തല്‍ കേസുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കാനാകാത്തതുകൊണ്ടാണ് കാലതാമസമുണ്ടാകുന്നതെന്നും ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും അലസതയും കൊണ്ടാണ് ഫയല്‍ നീങ്ങാത്തതെന്ന സംശയത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി വിശദീകരിച്ചു.ഒരു മാസമായി കാസര്‍കോട് കലക്ടറേറ്റില്‍ കിട്ടിയ അപേക്ഷകള്‍ എത്രയെന്ന് സെക്ഷന്‍ തിരിച്ച് വ്യക്തമാക്കാമോ എന്ന ചോദ്യത്തിന് 2017 ഏപ്രില്‍ 15 മുതല്‍ 2017 മെയ് 16 വരെ മൊത്തം ലഭിച്ച തപാല്‍ അപേക്ഷകള്‍ 5,458 ആണെന്നും ഇതില്‍ ജനങ്ങളുടെ അപേക്ഷകള്‍ 2,837 ആണെന്നും മന്ത്രി പറഞ്ഞു.ഈ അപേക്ഷകളില്‍ തീരുമാനമാകാന്‍ എത്ര ദിവസം വേണ്ടിവരുമെന്ന ചോദ്യത്തിന് അപേക്ഷയുടെ സ്വഭാവമനുസരിച്ചാണ് ഫയല്‍ തീര്‍പ്പുകല്‍പ്പിക്കുന്നതെന്നും കോടതി കേസും റവന്യു റിക്കവറി, ഭൂമി സംബന്ധിച്ച ഫയലുകള്‍ കൂടാതെ സബ് ഓഫിസുകളില്‍ നിന്ന് റിപോര്‍ട്ട് ലഭിക്കേണ്ട അപേക്ഷകള്‍ ഒഴികെ മറ്റെല്ലാം തന്നെ ഒരുമാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.കാസര്‍കോട് താലൂക്കില്‍ തീരുമാനമാകാത്ത ഫയലുകളുടെ എണ്ണം 5736 ആണെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ കോടതി കേസ്, ഭൂമി സംബന്ധിച്ച ഫയലുകള്‍, ഒഴിപ്പിക്കല്‍ കേസ് (കെഎല്‍സി) ബന്ധപ്പെട്ട ഫയലുകള്‍ 2112 ആണെന്നും ശേഷിക്കുന്ന 3624 ഫയലുകളിന്മേല്‍ ആറ് മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it