palakkad local

കര്‍ഷകര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ ഉപരോധിച്ചു

ചിറ്റൂര്‍: ജലസംഭരണികള്‍ ആഴപ്പെടുത്തുന്ന പ്രവൃത്തികള്‍ക്കായുള്ള പ്രൊജക്ട് നടപ്പാക്കാന്‍ അനാസ്ഥ കാണിച്ച ചിറ്റൂര്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍  ഉപരോധിച്ചു. ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ കമ്പാലത്തറ, വെങ്കലക്കയം., കുന്നമ്പിടാരി എന്നീ ഏരിയകളില്‍ ( ജലസംഭരണി ) ചളിയും മണലും നീക്കം ചെയ്ത് സംഭരണ ശേഷി വര്‍ധിപ്പിക്കാനുള്ള പ്രവൃത്തിയാണ് അധിക്യതരുടെ അനാസ്ഥ മൂലം നടക്കാതെ പോയത്.
പ്രോജക്ട് സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ പദ്ധതി നടത്തിപ്പിനായി ഇനി ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും. ജലത്തിന്റെ സംഭരണശേഷി കൂട്ടാന്‍ കഴിയുന്നതോടൊപ്പം ചളിയും മണലും വില്‍പന നടത്തുന്നതിലൂടെ സര്‍ക്കാരിന്  കോടിക്കണക്കിനു രൂപ റവന്യു വരുമാനവും ലഭിക്കാവുന്ന പ്രവൃത്തിയാണ് ഇറിഗേഷന്‍ ജീവനക്കാരുടെ അനാസ്ഥ മൂലം നഷ്ടമായതെന്ന് കര്‍ഷകര്‍ പറഞ്ഞു. കെഇആര്‍ഐ(കേരള ഇറിഗേഷന്‍ റിസര്‍ച് ഇന്‍സ്റ്റിട്യൂട്ട്) പ്രൊജക്ട് നല്‍കാത്തതാണ് ഈ വര്‍ഷം പദ്ധതി മുടങ്ങാന്‍ ഇടയായതെന്ന് ജലസേചന വകുപ്പ് അസി: എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു.
ഏരിയകളില്‍ നിന്ന് നീക്കം ചെയ്യുന്ന ചളിക്കും മണലിനും പ്രത്യേകം പ്രത്യേകം എസ്റ്റിമേറ്റുണ്ടാക്കേണ്ടതുള്ളതുകൊണ്ടാണ് കാലതാമസം എന്നാണ് കെഇആര്‍ഐ പറയുന്നത്. എന്നാല്‍ കഴിഞ്ഞ നവംബറില്‍ തന്നെ ഇതു സംബന്ധിച്ച കത്തു നല്‍കിയിട്ടുള്ളതായി ജലസേചന വകുപ്പ് അധികൃതര്‍ പറയുന്നു. കഠിനമായ വരള്‍ച്ച നേരിടുന്ന കിഴക്കന്‍ മേഖലയിലുള്ള പ്രസ്തുത ജലസംഭരണികളുടെ ശേഷി വര്‍ധിപ്പിച്ചാല്‍ നല്ലേപ്പിള്ളി, പെരുമാട്ടി., പട്ടഞ്ചേരി, തത്തമംഗലം, എലപ്പുള്ളി തുങ്ങിയ പഞ്ചായത്തു കളിലെ നൂറ് കണക്കിന് ഏക്കര്‍ കൃഷിയെ വരള്‍ച്ചയില്‍ നിന്നു രക്ഷിക്കാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയുന്നതാണ്.
നിലവില്‍ ഈ മൂന്ന് ജലസംഭരണിയിലും കൂടി 6.913 ദശലക്ഷം ഘനയടിയാണ് സംഭരണശേഷി. ചളിയും മണലും നീക്കം ചെയ്താല്‍ 13.102 ദശലക്ഷം ഘനയടി വെള്ളം സംഭരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കി. ഉടന്‍ തന്നെ കെഇആര്‍ഐ അധികൃതര്‍ക്ക് കത്തു നല്‍കാമെന്ന് അസ്സി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ രാജന്‍ അറിയിച്ചതോടെയാണ് കര്‍ഷകര്‍ പിരിഞ്ഞു പോയത്. പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, തത്തമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള കര്‍ഷകരാണ് പ്രതിഷേധവുമായെത്തിയത.് ആര്‍ പങ്കജാക്ഷന്‍, എസ് വിനോദ് ബാബു, കെ വി സുദേവന്‍, കെ സജീവന്‍, കെ രാജീവന്‍, ജി വേലായുധന്‍, കെ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it